ഡാര്‍ജലിങ് സമരം; ആശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തില്‍

Update: 2018-04-23 00:16 GMT
ഡാര്‍ജലിങ് സമരം; ആശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തില്‍
Advertising

ആശുപത്രികളിലെല്ലാം അവശ്യമരുന്നുകളുടെ ക്ഷാമം രൂക്ഷമായി

ഡാര്‍ജലിങ്ങിലെ ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയുടെ അനിശ്ചിതകാലബന്ദ് പ്രദേശത്തെ ആശുപത്രികളുടെ പ്രവര്‍ത്തനത്തേയും അവതാളത്തിലാക്കി. ഡാര്‍ജലിങിലെ ആശുപത്രികളിലെല്ലാം അവശ്യമരുന്നുകളുടെ ക്ഷാമം രൂക്ഷമായി.

രണ്ടാഴ്ചയിലേറെയായി സ്വതന്ത്ര ഗൂര്‍ഖ സംസ്ഥാനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡാര്‍ജലിങ്ങില്‍ നടത്തുന്ന ബന്ദില്‍ ജനജീവിതം മാത്രമല്ല അവശ്യസേവനങ്ങളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലായി. സമരത്തെ തുടര്‍ന്ന് പ്രദേശത്തെ ആശുപത്രികളില്‍ അവശ്യമരുന്നുകളുടെ ക്ഷാമം രൂക്ഷമായി. ആശുപത്രികളില്‍ അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാനുള്ള രക്തത്തിന്റെ കരുതല്‍ ശേഖരമോ മരുന്നുകളോയില്ല. അടിയന്തരമരുന്നുകളും മറ്റ് അവശ്യവസ്തുക്കളുമെത്തിക്കാനായി സദര്‍ ആശുപത്രി അയച്ച ആംബുലന്‍സ് തടഞ്ഞ സമരക്കാര്‍ കഴിഞ്ഞ ദിവസം ഡ്രൈവറെ മര്‍ദ്ദിക്കുകയും ചെയ്തു. ബാങ്കുകളും ഇന്റര്‍നെറ്റ് സംവിധാനവും പ്രവര്‍ത്തിക്കാത്തതിനാല്‍ പുറമേനിന്നുള്ള ഏജന്‍സികളില്‍ നിന്നുവാങ്ങുന്ന മരുന്നുകളും മറ്റും വാങ്ങാനാവുന്നില്ലെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. കൊല്‍ക്കൊത്തയിലുള്ള ചീഫ് മെഡിക്കല്‍ ഓഫീസുമായും ബന്ധപ്പെടാനാവുന്നില്ല. സമരം അവസാനിച്ചില്ലെങ്കില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതും പ്രതിസന്ധിയിലാകും.

Tags:    

Similar News