അമിത്ഷാ പ്രതിയായിരുന്ന വ്യാജ ഏറ്റുമുട്ടല്‍ കേസിലെ ജഡ്ജിയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന് മുന്‍ ജഡ്ജി

Update: 2018-04-29 18:03 GMT
Editor : Subin
അമിത്ഷാ പ്രതിയായിരുന്ന വ്യാജ ഏറ്റുമുട്ടല്‍ കേസിലെ ജഡ്ജിയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന് മുന്‍ ജഡ്ജി
Advertising

മരിക്കും മുമ്പ് കേസില്‍ അനുകൂല വിധിക്കായി 100 കോടി രൂപ ലോയക്ക് വാഗ്ദാനം ചെയ്തിരുന്നു എന്നും കുടുംബം വെളിപ്പെടുത്തിയിരുന്നു

സൊഹറാബുദ്ധീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട ജഡ്ജിയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി നിലവിലെ ചീഫ് ജസ്റ്റിസിന് കത്തെഴുതി. മരണം അസ്വാഭിവാകമാണെന്നും ജഡ്ജിയെ അനുകൂലവിധിക്കായി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും കുടുംബം വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് അന്വേഷണം ആവശ്യപ്പെട്ടത്. ജഡ്ജിയുടെ മരണത്തില്‍ ദുരൂഹത നീക്കണമെന്ന് ഡല്‍ഹി മുന്‍ ജഡ്ജി എ.പി ഷായും പ്രതികരിച്ചിരുന്നു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹാറാബുദ്ധീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന സി.ബി.ഐ ജഡ്ജി ഹര്‍കിഷന്‍ ലോയ 2014 ഡിസംബര്‍ 1ന് പുലര്‍ച്ചയോടെയാണ് നാഗ്പൂരില്‍ വച്ച് ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. മരണവും പോസ്റ്റുമോര്‍ട്ടവും സംബന്ധിച്ച് അസ്വാഭാവികത രേഖപ്പെടുത്തി ലോയയയുടെ കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം കാരവന്‍ മാഗസിനോട് വെളിപ്പെടുത്തല്‍ നടത്തി.

മരിക്കും മുമ്പ് കേസില്‍ അനുകൂല വിധിക്കായി 100 കോടി രൂപ ലോയക്ക് വാഗ്ദാനം ചെയ്തിരുന്നു എന്നും കുടുംബം വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ ആവശ്യം ശക്തമാകുന്നത്. ബോബെ ഹൈക്കോടതി മുന്‍ ജഡ്ജി ബി എച്ച് മര്‍ലപ്പല്ലെയാണ് നിലവിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂറിന് കത്തയച്ചിരുക്കുന്നത്. ലോയയുടെ മരണം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണം. ദൂരൂഹത നീക്കണം, തങ്ങള്‍ അനാഥാരാണ് എന്ന തോന്നല്‍ കീഴ്‌ക്കോടതി ജഡ്ജിമാര്‍ക്ക് ഉണ്ടാകാന് ഇടവരുത്തരുതെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി എപി. ഷായും കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തത്തിയിരുന്നു. ജുഡീഷ്യല്‍ അന്വേഷണ വേണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ട്ടികളും വിവിധ സാമൂഹിക സംഘടനകളും ഉന്നയിച്ചിട്ടുണ്ട്. ജഡ്ജിയുടെ മരണത്തെകുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയ കുടുംബാംഗങ്ങള്‍ക്കും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകനും സുരക്ഷയൊരുക്കണമെന്ന ആവശ്യവും ശക്തമാണ്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News