സിപിഎം പിബി യോഗം തുടങ്ങി; പ്ലീനം തീരുമാനം നടപ്പാക്കുന്നത് ചര്‍ച്ച ചെയ്യും

Update: 2018-05-08 18:21 GMT
Editor : Sithara
സിപിഎം പിബി യോഗം തുടങ്ങി; പ്ലീനം തീരുമാനം നടപ്പാക്കുന്നത് ചര്‍ച്ച ചെയ്യും

വിഎസിനെതിരായ അച്ചടക്ക ലംഘന പരാതി അന്വേഷിക്കുന്ന പിബി കമ്മീഷന്‍ യോഗം ചേരുന്ന കാര്യം ചര്‍ച്ചയായേക്കും.

കൊല്‍ക്കത്ത പ്ലീനത്തിലെ തീരുമാനങ്ങള്‍ നടപ്പാക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഡല്‍ഹിയില്‍ തുടങ്ങി. വിഎസിനെതിരായ അച്ചടക്ക ലംഘന പരാതി അന്വേഷിക്കുന്ന പിബി കമ്മീഷന്‍ യോഗം ചേരുന്ന കാര്യം ചര്‍ച്ചയായേക്കും. വിഎസിനെ ഭരണപരിഷ്കരണ കമ്മീഷന്‍ അദ്ധ്യക്ഷനാക്കിയ ശേഷമുള്ള ആദ്യത്തെ പിബി യോഗമാണിത്.

കൊല്‍ക്കത്ത പ്ലീനത്തിന്റെ ഭാഗമായി എടുത്തതും ഇനിയും നടപ്പാക്കാത്തതുമായ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന് ക്രിയാത്മകമായ രൂപരേഖ തയ്യാറാക്കാന്‍ കഴിഞ്ഞ കേന്ദ്രകമ്മിറ്റി യോഗം പിബിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതുവരെയായിട്ടും നേതൃതലത്തില്‍ അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. ഈ മാസം അടുത്ത കേന്ദ്രകമ്മിറ്റി ചേരാനിരിക്കെയാണ് അതിനു മുന്‍പായി പിബി യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. ഉത്തര്‍പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകളുടെ കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

വിഎസിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്ന പിബി കമ്മീഷന്‍ ഇതുവരെയും അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടില്ല. വിഎസ് ഭരണ പരിഷ്കാര കമ്മീഷന്‍ അദ്ധ്യക്ഷനാവുന്ന സാഹചര്യത്തില്‍ പിബി കമ്മീഷന്റെ നടപടികള്‍ വേഗത്തിലാക്കണമെന്ന നിര്‍ദേശം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ ഇക്കാര്യം ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നേക്കും. വിഎസിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വത്തിന്റെ കാര്യവും ഉയര്‍ന്നുവന്നേക്കും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News