മനോനില പരിശോധനക്ക് ഹാജരാവില്ലെന്ന് ജസ്റ്റിസ് കര്‍ണന്‍

Update: 2018-05-08 23:00 GMT
Editor : Sithara
മനോനില പരിശോധനക്ക് ഹാജരാവില്ലെന്ന് ജസ്റ്റിസ് കര്‍ണന്‍

തന്‍റെ മാനസികനില പരിശോധിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് തള്ളി ജസ്റ്റിസ് കര്‍ണന്‍ രംഗത്തെത്തി

തന്‍റെ മാനസികനില പരിശോധിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് തള്ളി ജസ്റ്റിസ് കര്‍ണന്‍ രംഗത്തെത്തി. മനോനില പരിശോധനക്ക് ഹാജരാവില്ലെന്ന് അദ്ദേഹം പറഞ്ഞു. തനിക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്ത ഏഴ് ജഡ്ജിമാരും അഴിമതിക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.

മെയ് 5ന് കർണ്ണനെ കൊൽക്കത്ത സർക്കാർ ആശുപത്രിയിൽ ഹാജരാക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. മേൽനോട്ടം വഹിക്കാൻ പശ്ചിമ ബംഗാൾ ഡിജിപിയുടെ നേതൃത്വത്തിൽ പോലീസ് സംഘത്തെ നിയോഗിക്കണമെന്നും ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാർ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

Advertising
Advertising

ജഡ്ജിമാർക്കെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച ജഡ്ജികർണനെതിരെ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി നേരത്തെ ആരംഭിച്ചിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോൾ കർണനെതിരെ കർശന നടപടി വേണമെന്ന് അറ്റോർണി ജനറൽ മുകുൾ റോഹ്തകി ആവശ്യപ്പെടുകയായിരുന്നു. സ്വന്തമായി പ്രതിരോധിക്കാനുള്ള മാനസിക നിലയിലല്ല കർണ്ണനെന്നും അതിനാൽ വൈദ്യപരിശോധനയാണ് വേണ്ടതെന്ന് മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാല്‍ ആവശ്യപ്പെട്ടു. തുടർന്നാണ് വൈദ്യപരിശോധനക്ക് കോടതി ഉത്തരവിട്ടത്.

മെയ് 5ന് പരിശോധന നടത്തി മെയ് 8ന് റിപ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ 7 അംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടത്. ഫെബ്രുവരി 8ന് ശേഷം ജസ്റ്റിസ് കർണൻ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും മരവിപ്പിക്കുന്നതായും കീഴ്കോടതികളോ ട്രിബുണലുകളോ സർക്കാർ ഏജൻസികളോ ഉത്തരവുകളിന്മേൽ നടപടി എടുക്കരുതെന്നും കോടതി ഉത്തരവിട്ടു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News