കശ്‍മീര്‍ സംഘര്‍ഷം: പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒരാളെ അറസ്റ്റ് ചെയ്തു
കശ്മീരിലെ ഹങ്ദ്വാരയില്‍ പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒരാളെ അറസ്റ്റ് ചെയ്തു
ജമ്മു കാശ്മീരില്‍ ഹന്ദ്വാരയില്‍ പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. പെണ്‍കുട്ടി പൊലീസിനും മജിസ്ട്രേറ്റിനും നല്‍കിയ മൊഴിയില്‍ പേര് പരാമര്‍ശിക്കപ്പെടുന്ന രണ്ട് പേരില്‍ ഒരാളായ ഹന്ദ്വാര സ്വദേശി ഹിലാല്‍ അഹമ്മദ് ബാന്‍ഡിയാണ് അറസ്റ്റിലായത്.
പൊലീസിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് യുവാക്കള്‍ക്കെതിരെ മൊഴി നല്‍കിയതെന്ന് പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞിരുന്നു. അതിനിടെ പെണ്‍കുട്ടിയെയും കുടുംബത്തെയും വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഏപ്രില്‍ പന്ത്രണ്ടിനാണ് പെണ്‍കുട്ടിക്കെതിരെ ഹന്ദ്വാര നഗരത്തില്‍ പീഡനശ്രമം ഉണ്ടായത്. സൈനികന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്ത. ഇതിനെ തുടര്‍ന്ന് പ്രതിഷേധിച്ച നാട്ടുകാര്‍ക്കെതിരെ സൈന്യം നടത്തിയ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഇതിന് ശേഷം പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്ത് രഹസ്യ കേന്ദ്രത്തില്‍ പാര്‍പ്പിച്ചു. ആ സമയത്താണ്, സൈന്യമല്ല, പ്രതിഷേധിച്ച യുവാക്കളില്‍ ചിലരാണ് തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതെന്ന് പെണ്‍കുട്ടി പറയുന്ന വീഡിയോ പുറത്ത് വന്നത്. മൊഴി പിന്നീട് പെണ്‍കുട്ടി മജിസ്ട്രേറ്റിനും നല്‍കിയിരുന്നു. ഇതില്‍ പേര് പരാമര്‍ശിക്കപ്പെടുന്ന രണ്ട് പേരില്‍ ഹിലാല്‍ അഹ്മദ് ബന്‍ഡിയാണ് ഇപ്പോള്‍ അറസ്റ്റിലായത്.
ആറ് ദിവസം പെണ്‍കുട്ടിയെയും പിതാവിനെയും നിയമവിരുദ്ധ കസ്റ്റഡിയില്‍ വെച്ച പൊലീസിന്റെ കടുത്ത സമ്മര്‍ദ്ദം മൂലമാണ് സൈന്യത്തെ കുറ്റവിമുക്തമാക്കുന്ന മൊഴി നല്‍കിതെന്നും, സൈനികന്‍ തന്നെയാണ് മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നും പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞിരുന്നു.
ഇന്നലെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ശേഷം, ജമ്മു കാശ്മീര്‍ കോയിലേഷന്‍ ഓഫ് സിവില്‍ സൈസൈറ്റി പ്രവര്‍ത്തകരും പെണ്‍കുട്ടിയെയും കുടുംബത്തെ സന്ദര്‍ശിച്ചു. പൊലീസ് സമ്മര്‍ദ്ദത്തിന്റെ കാര്യം പെണ്‍കുട്ടി സ്ഥിരീകരിച്ചതായും ജെകെസിസി പ്രവര്‍ത്തകരും അവകാശപ്പെടുന്നു.
അതിനിടെ ഇന്നലെ രാത്രി പെണ്‍കുട്ടിയെയും കുടുംബത്തെയും വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്ത്, രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.