'2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കും'

Update: 2018-05-09 17:15 GMT
Editor : Alwyn K Jose
'2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കും'

കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധത്തിന്റെ ഭാഗമായി പുറത്തിറക്കിയ പുതിയ 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുമെന്ന്

കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധത്തിന്റെ ഭാഗമായി പുറത്തിറക്കിയ പുതിയ 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുമെന്ന് ആര്‍എസ്എസ് താത്വികാചാര്യനും മാധ്യമപ്രവര്‍ത്തകനും ചാര്‍ട്ടേഡ് അക്കൌണ്ടന്റുമായ എസ് ഗുരുമൂര്‍ത്തി. അഞ്ച് വര്‍ഷത്തിനുള്ളില്‍ 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുമെന്ന് ഗുരുമൂര്‍ത്തി പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ടു ചെയ്തു. പഴയ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കാനും നോട്ട് നിരോധം നടപ്പാക്കുന്നതിലും ഗുരുമൂര്‍ത്തിയുടെ ഉപദേശം കേന്ദ്ര സര്‍ക്കാര്‍ തേടിയിരുന്നു എന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ ഈ പരാമര്‍ശം പ്രാധാന്യമര്‍ഹിക്കുന്നു.

Advertising
Advertising

രാജ്യത്ത് പ്രചാരത്തിലുള്ള നോട്ടുകളുടെ മൂല്യത്തില്‍ വലിയൊരു ഭാഗം ആയിരം രൂപ നോട്ട് ആണെന്നിരിക്കെ ഇത് ഒറ്റയടിക്ക് പിന്‍വലിക്കുമ്പോഴുണ്ടാകുന്ന വിടവ് നികത്താനായാണ് 2000 രൂപ നോട്ട് പുറത്തിറക്കിയത്. 2000 രൂപ നോട്ട് നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നതിന് പകരം ഈ നോട്ടുകള്‍ മൂല്യം കുറഞ്ഞ നോട്ടുകളായി മാറ്റിനല്‍കുകയായിരിക്കും ചെയ്യുക. ഇതിനു ശേഷം ഇന്ത്യന്‍ കറന്‍സിയില്‍ 500 രൂപയായിരിക്കണം ഏറ്റവും കൂടുതല്‍ മൂല്യമുള്ള നോട്ട്. നൂറിനു പുറമെ 250 രൂപയുടെ നോട്ടും സര്‍ക്കാര്‍ പുറത്തിറക്കണമെന്നും ഗുരുമൂര്‍ത്തി പറഞ്ഞു. പഴയ നോട്ടുകള്‍ പിന്‍വലിക്കുകയും പുതിയ നോട്ടുകള്‍ ഇറക്കുകയും ചെയ്താല്‍ അഴിമതിയും കള്ളപ്പണവും എങ്ങനെ ഉന്മൂലനം ചെയ്യാന്‍ കഴിയുമെന്ന് മമത ബാനര്‍ജിയും രാഹുല്‍ ഗാന്ധിയും അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ സംശയം ഉന്നയിച്ചിരുന്നു. നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് നിരോധം ഭൂലോക മണ്ടത്തരമെന്നായിരുന്നു മുന്‍ പ്രധാനമന്ത്രിയും ധനകാര്യ വിദഗ്ധനുമായ മന്‍മോഹന്‍ സിങ് വിമര്‍ശിച്ചത്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News