നാട് കത്തിയെരിയുമ്പോള്‍ സെല്‍ഫിയെടുത്ത് ബിജെപി എംഎല്‍എ

Update: 2018-05-11 15:54 GMT
Editor : Jaisy
നാട് കത്തിയെരിയുമ്പോള്‍ സെല്‍ഫിയെടുത്ത് ബിജെപി എംഎല്‍എ

ബയാന നഗരത്തിലെ നഗ്‌ള മൊറോഗലി ദാംഗിലായാണ് സംഭവം

അവിടെ മരണ വേദന‍, ഇവിടെ സെല്‍ഫിയെടുക്കല്‍ എന്നു പറഞ്ഞതു പോലെയാണ് കാര്യങ്ങള്‍. അപകടം നടക്കുമ്പോള്‍ ഒരു കൈ സഹായം കൊടുക്കാതെ മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്യുന്നവരാണ് ഇന്നത്തെ സമൂഹം. ഈ സംഭവം ഒരു ജനപ്രതിനിധി ചെയ്താലോ..ഒരിക്കലും ക്ഷമിക്കാനാവാത്ത തെറ്റാണ്. രാജസ്ഥാനിലെ ബിജെപി എംഎല്‍എ ആയ ബച്ചു സിംഗ് തന്റെ നഗരത്തില്‍ തീ പിടുത്തമുണ്ടായപ്പോള്‍ എടുത്ത സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ മറ്റൊരു ചര്‍ച്ചാ വിഷയം.

ബയാന നഗരത്തിലെ നഗ്‌ള മൊറോഗലി ദാംഗിലായാണ് സംഭവം. സ്വന്തം നാട് കത്തിയെരിയുമ്പോള്‍ സെല്‍ഫിയെടുത്ത് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഈ ഫോട്ടോ പ്രിന്റ് ചെയ്ത ഒരു ഫ്ലക്സ് എംഎല്‍എ സ്വന്തം മണ്ഡലത്തില്‍ വയ്ക്കുകയും ചെയ്തു. ഭരത്പുര ജില്ലയിലെ സ്വന്തം മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഇദ്ദേഹത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു. വിമര്‍ഷകരുടെ വായടയ്ക്കാനായി എംഎല്‍എ ചിത്രം എടുത്തുമാറ്റിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. അതിനകം തന്നെ അതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞിരുന്നു.

തീ പിടുത്തത്തില്‍ ആരെങ്കിലും അകപ്പെട്ടു പോയോ എന്ന് താന്‍ ഫോട്ടോയെടുത്ത് നീരീക്ഷിക്കുകയായിരുന്നുവെന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം . തീപിടിത്തത്തിന്റെ മറ്റൊരു ചിത്രവുമെടുത്ത് ഇദ്ദേഹം മറ്റൊരു വിശദീകരണവും നടത്തി. ഇത് ഇടപെടലിന്റെ പ്രശ്‌നമല്ലെന്നും താന്‍ തീപിടിത്ത സമയത്ത് സ്ഥലത്തുണ്ടായിരുന്നുവെന്ന് അറിയിക്കാനുമാണ് സെല്‍ഫി എടുത്തതെന്നുമാണ് കക്ഷിയുടെ വിശദീകരണം.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News