പുതിയ നോട്ടില്‍ ദേവനാഗരി ലിപി; 2000 രൂപ നോട്ടും പിന്‍വലിക്കേണ്ടി വരുമോ ?

Update: 2018-05-14 21:47 GMT
Editor : Alwyn K Jose
പുതിയ നോട്ടില്‍ ദേവനാഗരി ലിപി; 2000 രൂപ നോട്ടും പിന്‍വലിക്കേണ്ടി വരുമോ ?
Advertising

കഴിഞ്ഞദിവസം രാത്രിയാണ് പഴയ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനും പുതിയ 500, 2000 രൂപ നോട്ടുകള്‍ ജനങ്ങളിലേക്ക് എത്തുന്ന വിവരവും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.

കഴിഞ്ഞദിവസം രാത്രിയാണ് പഴയ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനും പുതിയ 500, 2000 രൂപ നോട്ടുകള്‍ ജനങ്ങളിലേക്ക് എത്തുന്ന വിവരവും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. പുതിയ ഡിസൈനില്‍ അടച്ചടിച്ചിരിക്കുന്ന പുത്തന്‍ നോട്ടുകളില്‍ അധിക സുരക്ഷയുണ്ടെന്ന് വാദവും കള്ളപ്പണവും കള്ളനോട്ടും തടയാനുള്ള മാര്‍ഗമായും ഈ പരിഷ്കാരത്തെ ഉയര്‍ത്തിക്കാട്ടാന്‍ കേന്ദ്രം ഉപയോഗിച്ചു. നേരത്തെ പുതിയ നോട്ടുകളില്‍ അച്ചടി പിശകുണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നെങ്കിലും ഇത് തെറ്റാണെന്ന് ഉടനടി തെളിഞ്ഞിരുന്നു.

ഇതേസമയം, പുതിയ നോട്ടില്‍ അക്കങ്ങള്‍ എഴുതാന്‍ ദേവനാഗരി ലിപി ഉപയോഗിച്ചിരിക്കുന്നത് വിവാദമാകുകയാണ്. പുതിയ 2000, 500 രൂപ നോട്ടുകളില്‍ ദേവനാഗരി ലിപി ഉപയോഗിച്ചിരിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും പിന്‍വാതിലിലൂടെ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണെന്നുമുള്ള നിരീക്ഷണവുമായി ഒരു വിഭാഗം ഗവേഷകര്‍ രംഗത്തുവന്നു കഴിഞ്ഞു. രാജ്യത്ത് വീണ്ടും ഭാഷാ വിവാദത്തിന് തിരികൊളുത്താന്‍ ഇത് ഇടയാക്കുമെന്നാണ് സൂചന. ആദ്യമായാണ് ഇന്ത്യന്‍ കറന്‍സി നോട്ടില്‍ ദേവനാഗരി ലിപിയില്‍ സംഖ്യ രേഖപ്പെടുത്തുന്നത്. ഇംഗ്ലീഷിനൊപ്പം ദേവനാഗരി ലിപിയില്‍ ഹിന്ദി എഴുതുന്നതും ഔദ്യോഗിക ഭാഷാ വിന്യാസത്തില്‍ അംഗീകരിച്ചിട്ടുള്ളതാണ്. എന്നിരിക്കെയും ഭാഷാവൈവിധ്യങ്ങളുടെ നാടായ ഇന്ത്യയില്‍ ഔദ്യോഗികാവശ്യങ്ങള്‍ക്ക് ഇംഗ്ലീഷ് ഭാഷയും ലിപിയും ഉപയോഗിക്കണമെന്നാണ് 1960 ലെ രാഷ്ട്രപതിയുടെ ഉത്തരവ്. ഈ ഉത്തരവിന്റെയും ഭരണഘടനയുടെയും ലംഘനമായാണ് ദേവനാഗരി ലിപിയിലെ 2000 രൂപ നോട്ടിലുള്ള എഴുത്തുകള്‍ വ്യാഖ്യാനിക്കപ്പെടുന്നത്. ഭരണഘടനയുടെ 343 ാം വകുപ്പ് അനുസരിച്ച് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഇന്ത്യന്‍ സംഖ്യാക്രമത്തിന്റെ അന്താരാഷ്ട്ര അംഗീകൃത രൂപമാണ് ഉപയോഗിക്കേണ്ടത്. 1957-ല്‍ ജിബി പന്ത് അധ്യക്ഷനായ ഔദ്യോഗിക ഭാഷാ കമ്മിറ്റിയും ഇതു സംബന്ധിച്ച് ശിപാര്‍ശ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് 1960 ല്‍ രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവിറങ്ങിയത്. ഇതിന്‍പ്രകാരം, കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദി പ്രസിദ്ധീകരണങ്ങളില്‍ മാത്രമാണ് ദേവനാഗരി ലിപിയിലുള്ള സംഖ്യാരൂപം ഉപയോഗിക്കാന്‍ അനുമതിയുള്ളത്.

ഇതേസമയം, ആര്‍ബിഐ അടച്ചിക്കുന്ന കറന്‍സികളുടെ ഡിസൈനും മറ്റും തീരുമാനിക്കുന്നത് റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും ഉള്‍പ്പെടുന്ന സമിതിയാണ്. അതില്‍ അവര്‍ക്ക് വിവേചനാധികാരമുണ്ടെന്നാണ് നിലവിലെ നിലപാട്. അങ്ങനെയെങ്കില്‍ തന്നെ നോട്ടില്‍ ദേവനാഗരി ലിപി ഉള്‍പ്പെടുത്തിയത് കേന്ദ്ര സര്‍ക്കാരിന്റെ ഭാഷാ രാഷ്ട്രീയത്തിലേക്കുള്ള വിരല്‍ചൂണ്ടലായാണ് വ്യാഖ്യാനിക്കുന്നത്. ഹിന്ദി ഭാഷക്ക് അമിത പ്രാമുഖ്യം അടിച്ചേല്‍പ്പിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്നും ഗവേഷകര്‍ നിരീക്ഷിക്കുന്നു. ഒരു ഭാഷക്കും പ്രത്യേക പ്രാധാന്യം കറന്‍സികളില്‍ നല്‍കാന്‍ പാടില്ലെന്ന ചട്ടത്തില്‍ നിന്നു വ്യതിചലിച്ച് ബിജെപിക്ക് പ്രിയമേറിയ ദേവനാഗരി ഭാഷയെ കറന്‍സിയില്‍ പ്രതിഷ്ഠിക്കുകയാണെന്ന വാദവും ശക്തമാണ്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News