സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രമേയത്തിന്റെ കരടിന്‍മേല്‍ വോട്ടെടുപ്പ് നടക്കുമെന്ന് ഉറപ്പായി

Update: 2018-05-15 01:58 GMT
Editor : Jaisy
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രമേയത്തിന്റെ കരടിന്‍മേല്‍ വോട്ടെടുപ്പ് നടക്കുമെന്ന് ഉറപ്പായി

രഹസ്യവോട്ടെടുപ്പ് വേണമെന്ന് 5 സംസ്ഥാനഘടകങ്ങള്‍ ആവശ്യപ്പെട്ടു

കോണ്‍ഗ്രസ് സഹകരണത്തെ ചൊല്ലി ഭിന്നത രൂക്ഷമായ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രമേയത്തിന്റെ കരടിന്‍മേല്‍ വോട്ടെടുപ്പ് നടക്കുമെന്ന് ഉറപ്പായി. രഹസ്യവോട്ടെടുപ്പ് വേണമെന്ന് 5 സംസ്ഥാനഘടകങ്ങള്‍ ആവശ്യപ്പെട്ടു. ചര്‍ച്ചകളില്‍ കാരാട്ടിന്റെ രേഖയ്ക്കാണ് മുന്‍തൂക്കം. എന്നാല്‍ രഹസ്യ വോട്ടെടുപ്പ് നടന്നാല്‍ കാര്യങ്ങള്‍ മാറിമറിയുമെന്നാണ് മറുപക്ഷത്തിന്റെ കണക്കുകൂട്ടല്‍.

വര്‍ഗീയ ശക്തികള്‍ക്കെതിരെ കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന യെച്ചൂരിയുടെ ന്യൂനപക്ഷ രേഖയ്ക്ക് പൊതുചര്‍ച്ചയില്‍ പ്രത്യക്ഷത്തില്‍ മുന്‍തൂക്കം ലഭിച്ചിട്ടില്ല. എന്നാല്‍ എതിര്‍ത്ത് സംസാരിച്ചവര്‍ പോലും പ്രാദേശിക സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താവണം തീരുമാനമെന്ന് ആവശ്യപ്പെട്ടതാണ് യെച്ചൂരി പക്ഷത്തിന് പ്രതീക്ഷയാകുന്നത്. ചര്‍ച്ചയുടെ അവസാനദിവസം വോട്ടെടുപ്പ് നടക്കുമെന്ന് ഉറപ്പായതോടെ അതിനെ എങ്ങനെ നേരിടണമെന്നത് സംബന്ധിച്ച് ഇരുപക്ഷവും തന്ത്രങ്ങള്‍ മെനഞ്ഞു. ഇതിന്റെ തുടര്‍ച്ചയാണ് രഹസ്യവോട്ടെടുപ്പ് വേണമെന്ന ആവശ്യം യെച്ചൂരിയെ പിന്തുണയ്ക്കുന്ന സംസ്ഥാനങ്ങള്‍ ശക്തമായി ഇന്നും ഉന്നയിച്ചത്.

Advertising
Advertising

രഹസ്യ വോട്ടെടുപ്പാണെങ്കില്‍ കേരളത്തില്‍ നിന്നും ത്രിപുരയില്‍ നിന്നുമടക്കം തങ്ങളെ പിന്തുണയ്ക്കുമെന്നാണ് യെച്ചൂരിക്ക് വേണ്ടി ചരടു വലിക്കുന്ന ബംഗാള്‍ ഘടകത്തിന്റെ പ്രതീക്ഷ. തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ബംഗാളിനു പുറമെ രഹസ്യ വോട്ടെടുപ്പ് വേണമെന്നാവശ്യപ്പെട്ടത്. വോട്ടെടുപ്പ് നടന്നാല്‍ ഒറ്റക്കെട്ടായി നേരിടണമെന്ന് കേരള പ്രതിനിധികളോട് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. രഹസ്യ വോട്ടെടുപ്പെന്നത് അംഗീകരിക്കേണ്ടെന്നാണ് കാരാട്ട്പക്ഷത്തിന്റെ നിലപാട്. കരട് പ്രമേയത്തില്‍ രഹസ്യ വോട്ടെടുപ്പ് എന്ന കീഴ്വഴക്കമില്ലെന്നാണ് ഇതിന് കാരണമായി ഉയര്‍ത്തിക്കാട്ടും. ഇനി രഹസ്യ വോട്ടെടുപ്പ് വേണമെങ്കില്‍ തന്നെ സ്റ്റിയറിങ് കമ്മിറ്റിയായ പിബിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനായി മൂന്ന് മണിക്ക് പിബി യോഗം ചേരുന്നുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News