ബിജെപിയെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് സിപിഎമ്മിന്‍റെ രാഷ്ട്രീയ നയത്തില്‍ മാറ്റം വരുത്തണമെന്ന് യെച്ചൂരി
കോണ്‍ഗ്രസുമായുള്ള സഖ്യത്തെ എതിര്‍ത്ത് കാരാട്ട്. മുഖ്യ ശത്രുവിനെയാണ് ആദ്യം തീരുമാനിക്കേണ്ടതെന്നും കാരാട്ട്
ബിജെപിയെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് സിപിഎമ്മിന്‍റെ രാഷ്ട്രീയ നയത്തില്‍ മാറ്റം വരുത്തണമെന്ന് സീതാറാം യെച്ചൂരി. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയപ്രമേയത്തിന്‍റെ കരട് രൂപരേഖയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം കേണ്‍ഗ്രസുമായി ബന്ധം പാടില്ലെന്ന് കാരാട് വിഭാഗം ആവശ്യപ്പെട്ടു.
ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്‍റെ കരട് രൂപരേഖ അവതരിപ്പിച്ചാണ് പാര്‍ട്ടിയുടെ രാഷ്ട്രീയ നയത്തില്‍ മാറ്റം വരുത്തണമെന്ന് ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടത്. ഇനിമുതല്‍ പാര്‍ട്ടിയുടെ മുഖ്യശത്രുവായി ബിജെപിയെ കാണണമെന്നാണ് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടത്. അതേസമയം ബംഗാള്‍ ഘടകം ആവശ്യപ്പെടുന്നതുപോലെ കോണ്‍ഗ്രസുമായി ബന്ധമുണ്ടാക്കണമെന്ന് രൂപരേഖയിലില്ല. പാര്‍ട്ടി നയത്തില്‍ മാറ്റമുണ്ടാകുമെന്ന വ്യക്തമായ സൂചന സീതാറാം യെച്ചൂരി മാധ്യമങ്ങളുമായും പങ്കുവെച്ചു.
കോണ്‍ഗ്രസുമായി യാതൊരുവിധത്തിലുമുള്ള ബന്ധത്തെ പിന്തുണയ്ക്കില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് കാരാട്ട് പക്ഷം. അടുത്തമാസം ചേരുന്ന പാര്‍ട്ടി നേതൃയോഗങ്ങള്‍ ഇത് സംബന്ധിച്ച് വിശദമായി ചര്‍ച്ചചെയ്യും. ബിജെപിയെ മുഖ്യശത്രുവായി അംഗീകരിച്ചുകഴിഞ്ഞാല്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള ബിജെപി വിരുദ്ധ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് പിന്നീട് ചര്‍ച്ചകളാകാമെന്നാണ് യെച്ചൂരിയെ പിന്തുണയ്ക്കുന്നവരുടെ കണക്കുകൂട്ടല്‍.