കോണ്‍ഗ്രസുമായി സഹകരണം: സിപിഎം നിര്‍ണായക കേന്ദ്രകമ്മിറ്റി നാളെ

Update: 2018-05-18 17:58 GMT
Editor : Sithara
കോണ്‍ഗ്രസുമായി സഹകരണം: സിപിഎം നിര്‍ണായക കേന്ദ്രകമ്മിറ്റി നാളെ

വര്‍ഗീയ ശക്തികളെ നേരിടുന്നതില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നതിനെ ചൊല്ലിയാണ് യെച്ചൂരി പക്ഷവും കാരാട്ട് പക്ഷവും തമ്മില്‍ ഭിന്നത നിലനില്‍ക്കുന്നത്.

രാഷ്ട്രീയ പ്രമേയത്തിന്‍റെ കരട് സംബന്ധിച്ച് ഭിന്നത തുടരുന്നതിനിടെ സിപിഎമ്മിന്‍റെ നിര്‍ണായക കേന്ദ്രകമ്മിറ്റി യോഗത്തിന് നാളെ കൊല്‍ക്കത്തയില്‍ തുടക്കമാകും. വര്‍ഗീയ ശക്തികളെ നേരിടുന്നതില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നതിനെ ചൊല്ലിയാണ് യെച്ചൂരി പക്ഷവും കാരാട്ട് പക്ഷവും തമ്മില്‍ ഭിന്നത നിലനില്‍ക്കുന്നത്. ഇരുവരുടെയും രേഖകള്‍ പാര്‍ട്ടി കോണ്‍ഗ്രസിന് അയക്കണമെന്ന് യെച്ചൂരി വിഭാഗം കേന്ദ്രകമ്മിറ്റിയില്‍ ആവശ്യപ്പെടും.

Advertising
Advertising

Full View

ബിജെപി ഉയര്‍ത്തുന്ന വര്‍ഗീയതയെ ചെറുക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കണമോ വേണ്ടയോ എന്നതിനെ ചൊല്ലി പാര്‍ട്ടിക്കകത്ത് കഴിഞ്ഞ കുറേ നാളുകളായി തര്‍ക്കം നിലനില്‍ക്കുകയാണ്. പാര്‍ട്ടിയുടെ രാഷ്ട്രീയ അടവ് നയത്തില്‍ മാറ്റം വരുത്തണമെന്നാണ് യെച്ചൂരിയുടെ വാദം. ബൂര്‍ഷ്വാ പാര്‍ട്ടികളല്ലാത്ത മതേതര സ്വഭാവമുള്ളവരുമായി സഹകരിക്കാമെന്നാണ് സീതാറാം യെച്ചൂരിയുടെ നിലപാട്. അതേസമയം കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യം പാടില്ലെന്നും യെച്ചൂരി നിലപാടെടുക്കുന്നു. എന്നാല്‍ കോണ്‍ഗ്രസുമായി യാതൊരു വിധത്തിലുമുള്ള സഹകരണവും പാടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കാരാട്ട്. ബംഗാള്‍ ഘടകം യെച്ചൂരിയുടെ രേഖയെ പിന്തുണയ്ക്കുമ്പോള്‍ കേരള ഘടകമടക്കമുള്ളവര്‍ കാരാട്ടിനൊപ്പമാണ്. വിശാഖപട്ടണത്തെ പാര്‍ട്ടി കോണ്‍ഗ്രസിലെടുത്ത രാഷ്ട്രീയ അടവ് നയം തന്നെ തുടര്‍ന്നാല്‍ മതിയെന്നും ഇവര്‍ വാദിക്കുന്നു.

അതേസമയം കോണ്‍ഗ്രസുമായി സഹകരിക്കാതെ അവരുമായി സഖ്യത്തിലുള്ള മറ്റ് പ്രാദേശിക പാര്‍ട്ടികളുമായി സഹകരണമാകാമെന്ന കാരാട്ട് പക്ഷത്തിന്‍റെ വാദം യുക്തിരഹിതമാണെന്നും യെച്ചൂരി പക്ഷം ചൂണ്ടിക്കാട്ടുന്നു. തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ഇരു രേഖകളും പാര്‍ട്ടി കോണ്‍ഗ്രസിന് അയക്കണമെന്ന് യെച്ചൂരി വിഭാഗം ആവശ്യപ്പെടും.

കഴിഞ്ഞ കേന്ദ്രകമ്മിറ്റിയിലും പിബി യോഗത്തിലും വിശദമായി ചര്‍ച്ച ചെയ്തെങ്കിലും സമവായത്തിലെത്താനായില്ല. തുടര്‍ന്നാണ് ഇരുകൂട്ടരുടെയും രേഖകള്‍ വീണ്ടും കേന്ദ്രകമ്മിറ്റി യോഗത്തിന് വിടാന്‍ തീരുമാനിച്ചത്. കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പിനുള്ള സാധ്യതയും ഏറെയാണ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News