മണല്‍ മാഫിയ മാധ്യമപ്രവര്‍ത്തകനെ ട്രക്കിടിപ്പിച്ച് വധിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Update: 2018-05-25 08:43 GMT
Editor : Subin
മണല്‍ മാഫിയ മാധ്യമപ്രവര്‍ത്തകനെ ട്രക്കിടിപ്പിച്ച് വധിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു
Advertising

അനധികൃത ഖനനത്തിനും മണല്‍ മാഫിയക്കും എതിരെ വാര്‍ത്ത കൊടുത്തതിന് പിന്നാലെ ആയിരുന്നു കൊലപാതകം. മാഫിയയുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരെയും ഒളിക്യാമറയിലൂടെ സന്ദീപ് ശര്‍മ്മ തുറന്ന് കാണിച്ചിരുന്നു

മണല്‍ മാഫിയക്കെതിരെ വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്ത മാധ്യമപ്രവര്‍ത്തകനെ ട്രക്കിടിപ്പിച്ച് കൊന്ന സംഭവത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ന്യൂസ് വേള്‍ഡ് ചാനലിലെ റിപ്പോര്‍ട്ടര്‍ സന്ദീപ് ശര്‍മ്മയെയാണ് മാഫിയ കൊന്നത്. എന്നാല്‍ സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഞായറാഴ്ച്ചയാണ് ന്യൂസ് വേള്‍ഡ് ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ സന്ദീപ് ശര്‍മ്മയെ മധ്യപ്രദേശിലെ ബിന്ദില്‍ വെച്ച് മണല്‍മാഫിയ ട്രക്കിടിപ്പിച്ച് കൊലപ്പെടുത്തിയത്. അനധികൃത ഖനനത്തിനും മണല്‍ മാഫിയക്കും എതിരെ വാര്‍ത്ത കൊടുത്തതിന് പിന്നാലെ ആയിരുന്നു കൊലപാതകം. മാഫിയയുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരെയും ഒളിക്യാമറയിലൂടെ സന്ദീപ് ശര്‍മ്മ തുറന്ന് കാണിച്ചിരുന്നു.

Full View

വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ നിരവധി ഭീഷണികളും ശര്‍മ്മക്കുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കത്തയക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ശര്‍മ്മയെ മാഫിയ കൊലപ്പെടുത്തിയത്. മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രത്യക സംഘം അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ സര്‍ക്കാരിന്റെ കടമയാണെന്നും കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. സന്ദീപ് ശര്‍മ്മയുടെ കൊലപാതകം നടന്നത് പകല്‍ വെളിച്ചത്തില്‍ ആണെന്നും അതിനാല്‍ സിബിഐ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ ബിജെപി സര്‍ക്കാരിന് കീഴില്‍ തച്ചുടക്കപ്പെടുകയാണെന്നും കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News