രാജ്യത്തിന് അറിയണം, കള്ളം പൊളിഞ്ഞതോടെ താങ്കള്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുമോ? അര്‍ണബിനോട് രാജ്ദീപ്

Update: 2018-05-28 12:04 GMT
Editor : Sithara
രാജ്യത്തിന് അറിയണം, കള്ളം പൊളിഞ്ഞതോടെ താങ്കള്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുമോ? അര്‍ണബിനോട് രാജ്ദീപ്

ഗുജറാത്ത് കലാപ റിപ്പോര്‍ട്ടിങ് സംബന്ധിച്ച പച്ചക്കള്ളം പുറത്തായ സാഹചര്യത്തില്‍ രാജിവെച്ച് പുറത്തുപോകാനും മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കാനും താങ്കള്‍ തയ്യാറുണ്ടോയെന്നാണ് രാജ്യത്തിന് അറിയേണ്ടതെന്ന് അര്‍ണബിനോട് രാജ്ദീപ്

2002ലെ ഗുജറാത്ത് കലാപം താന്‍ അതിസാഹസികമായി റിപ്പോര്‍ട്ട് ചെയ്തെന്ന അര്‍ണബ് ഗോസ്വാമിയുടെ വ്യാജഅവകാശവാദത്തെ പൊളിച്ചടുക്കിയ രാജ്ദീപ് സര്‍ദേശായി കൂടുതല്‍ ചോദ്യങ്ങളുമായി രംഗത്ത്. താങ്കളുടെ പച്ചക്കള്ളം പുറത്തായ സാഹചര്യത്തില്‍ രാജിവെച്ച് പുറത്തുപോകാനും മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കാനും തയ്യാറുണ്ടോയെന്നാണ് രാജ്യത്തിന് അറിയേണ്ടതെന്ന് രാജ്ദീപ് ട്വീറ്റ് ചെയ്തു.

Advertising
Advertising

അന്ന് തനിക്കൊപ്പം ഗുജറാത്ത് കലാപം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ രൂപന്‍ പെഹ്‍ലയെന്ന ക്യാമറാമാന്‍ വൈകാതെ തന്നെ സത്യം ക്യാമറയിലൂടെ പറയുമെന്നും സര്‍ദേശായി വ്യക്തമാക്കി. അതിനിടെ ചിലര്‍ അര്‍ണബിന്‍റെ അവകാശവാദം ശരിയെന്ന വിധത്തില്‍ ട്വീറ്റ് ചെയ്തപ്പോള്‍ വീണ്ടും മറുപടിയുമായി രാജ്ദീപെത്തി. ആദ്യം കള്ളം പറയും, പിന്നെ അതില്‍ ഉറച്ചുനില്‍ക്കാന്‍ കൂടുതല്‍ കള്ളങ്ങള്‍ പറയും. ഈ വിഷയം ഇന്നലെ രാത്രിയോടെ അവസാനിപ്പിക്കാന്‍ ആഗ്രഹിച്ചതാണ്. പക്ഷേ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുമ്പോള്‍ ഇതിവിടെ അവസാനിപ്പിക്കാന്‍ നിര്‍വാഹമില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

അര്‍ണബ് മുന്‍പ് അസമില്‍ നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോ ട്വീറ്റ് ചെയ്താണ്, രാജ്ദീപ് അര്‍ണബിന്‍റെ അവകാശവാദം ഇന്നലെ പൊളിച്ചടുക്കിയത്. 2002ല്‍ എന്‍ഡിടിവിയില്‍ ജോലി ചെയ്യുന്ന കാലത്ത് ഗുജറാത്ത് കലാപം ജീവന്‍ പണയം വെച്ച് താനാണ് റിപ്പോര്‍ട്ട് ചെയ്തതെന്നാണ് അര്‍ണബ് പ്രസംഗിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയുടെ വീടിന് സമീപം തന്‍റെ കാര്‍ ആക്രമിക്കപ്പെട്ടു. തൃശൂലമടക്കമുള്ള ആയുധങ്ങളുമായി ഒരു സംഘം തന്‍റെ കാറിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. സംഘം തങ്ങളോട് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടു. തന്‍റെ കയ്യില്‍ ഐഡന്‍റിറ്റി കാര്‍ഡുണ്ടായിരുന്നു. പക്ഷേ ഡ്രൈവറുടെ പക്കല്‍ ഒരു രേഖയുമില്ലായിരുന്നു. എന്നാല്‍ ഡ്രൈവറുടെ കയ്യില്‍ ഹേ റാമെന്ന ടാറ്റു ഉണ്ടായിരുന്നു. ഇത് കാണിച്ചതോടെയാണ് അക്രമിസംഘം തങ്ങളെ പോകാന്‍ അനുവദിച്ചത്. കോണ്‍ഗ്രസ് ഭരണത്തിലുള്ളപ്പോള്‍ അസമില്‍ അര്‍ണബ് നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗമാണിത്. അര്‍ണബ് പരസ്യമായി ബിജെപി അനുകൂല നിലപാടെടുക്കുന്നതിന് മുന്‍പായിരുന്നു ഈ പ്രസംഗം.

എന്നാല്‍ ഗുജറാത്ത് കലാപം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയത് താനാണെന്നും തന്‍റെ അനുഭവമാണ് അര്‍ണബ് സ്വന്തം അനുഭവമെന്ന നിലയില്‍ പ്രസംഗിച്ചതെന്നും രാജ്ദീപ് സര്‍ദേശായി വ്യക്തമാക്കി. അര്‍ണബ് പറഞ്ഞതുപോലെയൊക്കെ സംഭവിച്ചിരുന്നു. പക്ഷേ അന്ന് അര്‍ണബല്ല കാറിലുണ്ടായിരുന്നത്. കളവ് പറയുന്നതിന് ഒരു പരിധിയൊക്കെയുണ്ടെന്നും രാജ്ദീപ് ഓര്‍മിപ്പിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News