മരണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ട 22 കാരന്‍ ബ്ലൂ വെയിലിന്റെ ഭീകരാനുഭവം വെളിപ്പെടുത്തുന്നു

Update: 2018-05-30 08:39 GMT
Editor : Alwyn K Jose
മരണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ട 22 കാരന്‍ ബ്ലൂ വെയിലിന്റെ ഭീകരാനുഭവം വെളിപ്പെടുത്തുന്നു

ബ്ലൂ വെയിലിന്റെ മരണവാതിലില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ട കാരക്കല്‍ ജില്ലക്കാരനായ 22 കാരനാണ് തന്റെ അനുഭവങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്നുപറഞ്ഞത്.

തമാശക്കോ കൌതുകത്തിനോ പരീക്ഷിക്കാന്‍ വേണ്ടി പോലുമോ ഒരിക്കലും ബ്ലൂ വെയില്‍ കളിക്കാന്‍ ആരും മുതിരരുതെന്ന അപേക്ഷയുമായി താന്‍ നേരിട്ട ഭീകരാനുഭവങ്ങള്‍ പങ്കുവെച്ച് യുവാവ്. ബ്ലൂ വെയിലിന്റെ മരണവാതിലില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ട കാരക്കല്‍ ജില്ലക്കാരനായ 22 കാരനാണ് തന്റെ അനുഭവങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്നുപറഞ്ഞത്.

കഴിഞ്ഞ ദിവസം പൊലീസിന്റെ അവസരോചിതമായ ഇടപെടല്‍ മൂലമാണ് അലക്സാണ്ടറിന് ജീവനും ജീവിതവും തിരിച്ചുകിട്ടിയത്. ഇന്നും ബ്ലൂ വെയില്‍ ഒരു സാങ്കല്‍പിക സൃഷ്ടിയാണെന്നും ഒരാളെ ആത്മഹത്യയിലേക്ക് നയിക്കാന്‍ മാത്രം എന്ത് ഭീഷണിയാണ് ഒരു ഗെയിന് കഴിയുകയെന്നും സംശയിക്കുന്നവര്‍ക്ക് മറുപടി നല്‍കാന്‍ പൊലീസ് തന്നെയാണ് അലക്സാണ്ടറെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിച്ചത്. സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് രൂപംനല്‍കിയ ഒരു വാട്സ്ആപ് ഗ്രൂപ്പ് വഴിയാണ് അലക്സാണ്ടറിന് ബ്ലൂ വെയിലിന്റെ ലിങ്ക് കിട്ടുന്നത്. അവധിക്ക് നാട്ടില്‍ എത്തിയപ്പോഴായിരുന്നു ബ്ലൂ വെയില്‍ ലിങ്ക് കാണുന്നത്. പൊതുവെ ആപ് എന്നും ഗെയിം എന്നൊക്കെയാണ് ബ്ലൂ വെയിലിനെ വിശേഷിപ്പിക്കുന്നതെങ്കിലും ഇത് യഥാര്‍ഥത്തില്‍ ഡൌണ്‍ലോഡ് ചെയ്യാവുന്ന തരത്തിലുള്ള ആപ്പും ഓണ്‍ലൈന്‍ ഗെയിമുമൊന്നുമല്ല. ബ്ലൂ വെയില്‍ അഡ്മിനില്‍നിന്ന് വ്യക്തികള്‍ക്ക് നേരിട്ട് ലഭിക്കുന്ന ലിങ്ക് ആയിരുന്നു അത്. അഡ്മിന്റെ നിര്‍ദേശ പ്രകാരം ബ്ലൂ വെയില്‍ കളിക്കാന്‍ തുടങ്ങിയതിന് ശേഷം ചെന്നൈയിലെ ജോലിസ്ഥലത്തേക്ക് തിരിച്ചുപോകാന്‍ തോന്നിയില്ലെന്ന് അലക്സാണ്ടര്‍ പറയുന്നു.

Advertising
Advertising

അഡ്മിന്‍ ഏല്‍പിക്കുന്ന ദൗത്യം രാത്രി രണ്ടു മണിയോടെ മാത്രമേ എല്ലാദിവസവും പൂര്‍ത്തിയാക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നുള്ളൂ. ആദ്യത്തെ ഏതാനും ദിവസങ്ങളില്‍ വ്യക്തിപരമായ വിവരങ്ങളും ഫോട്ടോകളും ആണ് പോസ്റ്റ് ചെയ്തത്. ഇതെല്ലാം കളിയുടെ അഡ്മിന്‍ ശേഖരിക്കും. ഏതാനും ദിവസം പിന്നിട്ടപ്പോള്‍ അര്‍ധരാത്രിയില്‍ അടുത്തുള്ള ശ്മശാനം സന്ദര്‍ശിച്ച് സെല്‍ഫിയെടുത്ത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യണമെന്ന് നിര്‍ദേശം ലഭിച്ചു. ഇതനുസരിച്ച് അടുത്തുള്ള അക്കരയ്‍വട്ടം ശ്മശാനം സന്ദര്‍ശിച്ചു സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്തു. ദിവസവും തനിച്ചിരുന്ന് ഭയപ്പെടുത്തുന്ന സിനിമകള്‍ കണ്ടു. ഇരയെ പേടിപ്പെടുത്തുക എന്നതായിരുന്നു അഡ്മിന്റെ ലക്ഷ്യമെന്ന് അലക്‌സാണ്ടര്‍ പറയുന്നു.

കളി തുടങ്ങിയതിന് ശേഷം വീട്ടുകാരുമായി സംസാരിക്കുന്നത് പരമാവധി ഒഴിവാക്കി. മുഴുവന്‍ സമയവും മുറിയില്‍ അടച്ചിരുന്നു. മാനസികമായി ഒരുപാട് തളര്‍ന്നു. ഇതോടെ ബ്ലൂ വെയിലില്‍ നിന്നു എങ്ങനെയും രക്ഷപെടണമെന്നായി ചിന്ത. എന്നാല്‍ തനിക്ക് അതിന് സാധിക്കുമായിരുന്നില്ല. ഇതിനിടെയാണ് അലക്‌സാണ്ടറിന്റെ സ്വഭാവ വ്യതിയാനങ്ങള്‍ ശ്രദ്ധയില്‍പെട്ട സഹോദരന്‍ അജിത് പൊലീസിനെ വിവരമറിയിക്കുന്നത്. പുലര്‍ച്ചെ നാലു മണിയോടെയാണ് പൊലീസ് വീട്ടിലെത്തിയത്. പൊലീസ് എത്തുന്ന സമയത്ത് മൂര്‍ച്ചയുള്ള കത്തികൊണ്ട് കൈയില്‍ ബ്ലൂ വെയിലിന്റെ ചിത്രം വരക്കാനുള്ള ഒരുക്കത്തില്‍ ആയിരുന്നു അലക്‌സാണ്ടര്‍. തുടര്‍ന്ന് യുവാവിനെ കൗണ്‍സലിങ്ങിനു വിധേയനാക്കി. ഇപ്പോള്‍ ഇയാള്‍ സാധാരണ നിലയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. തന്റെ അനുഭവം പങ്കുവെച്ച്, ഭ്രമാത്മകമായ ഈ സാഹസത്തിന് ആരും മുതിരരുതെന്ന് മുന്നറിയിപ്പ് നല്‍കാനാണ് താന്‍ മാധ്യമങ്ങളെ കാണുന്നതെന്നും അലക്സാണ്ടര്‍ പറഞ്ഞു. നിര്‍വചനങ്ങള്‍ക്ക് അതീതമായ ഒരു മരണക്കെണിയാണിത്. ആദ്യത്തെ ചെറിയ സാഹസങ്ങളൊക്കെ ആര്‍ക്കും ഇഷ്ടപ്പെടും. അതൊരു പ്രത്യേക ധൈര്യം നല്‍കും. പിന്നീട് പടിപടിയായുള്ള ദൌത്യങ്ങള്‍ കഠിനമാകുമ്പോള്‍ മാനസികമായി അതിന് അടിമപ്പെടുകയാണ് ചെയ്യുക. നിവൃത്തികേട് കൊണ്ട് ഗെയിമില്‍ തുടരാന്‍ നിര്‍ബന്ധിതരാകുകയാണ് ഇരകള്‍. - അലക്സാണ്ടര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എസ്‍പി വംസീധര്‍ റെഡ്ഡിയും പങ്കെടുത്തു.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News