മക്കള്‍ക്ക് സ്കൂളില്‍ പോകാന്‍ മല തുരന്ന് 15 കിലോമീറ്റര്‍ റോഡ് വെട്ടുന്ന ഒരച്ഛന്‍; ഇത് ഒഡീഷയുടെ മാഞ്ചി

Update: 2018-05-30 16:59 GMT
Editor : Alwyn K Jose
മക്കള്‍ക്ക് സ്കൂളില്‍ പോകാന്‍ മല തുരന്ന് 15 കിലോമീറ്റര്‍ റോഡ് വെട്ടുന്ന ഒരച്ഛന്‍; ഇത് ഒഡീഷയുടെ മാഞ്ചി

സ്വന്തം ഭാര്യ ചികിത്സ കിട്ടാതെ മരിക്കാന്‍ ഇടയായ മലയെ വെട്ടിമാറ്റി 22 വര്‍ഷം കൊണ്ട് വഴി നിര്‍മ്മിച്ച ദശരഥ് മഞ്ചിയുടെ കഥ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.

സ്വന്തം ഭാര്യ ചികിത്സ കിട്ടാതെ മരിക്കാന്‍ ഇടയായ മലയെ വെട്ടിമാറ്റി 22 വര്‍ഷം കൊണ്ട് വഴി നിര്‍മ്മിച്ച ദശരഥ് മഞ്ചിയുടെ കഥ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. മാഞ്ചിയുടെ കഥ പിന്നീട് അഭ്രപാളികളിലുമെത്തി. ഇപ്പോള്‍ സമാനമായ മറ്റൊരു സംഭവമാണ് മാധ്യമങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്. ഒഡീഷയില്‍ നിന്നുള്ള ജലന്ദര്‍ നായക് എന്ന 45 വയസുകാരന്റെ നിശ്ചയദാര്‍ഢ്യത്തിന് മുമ്പില്‍ വന്‍മലയും ഭരണകൂടവും തലകുനിച്ച കഥ.

Advertising
Advertising

ഗോത്രവിഭാഗക്കാരനായ ജലന്ദര്‍ നായകിന് ഇപ്പോള്‍ 45 വയസ്. മൂന്നു ആണ്‍മക്കളുടെ അച്ഛന്‍. ഒഡീഷയിലെ ഗുംസാഹി ഗ്രാമവാസിയാണ് ഇദ്ദേഹം. തൊട്ടടുത്തുള്ള ഫുല്‍ബാനി എന്ന ചെറുനഗരത്തിലേക്ക് ഗുംസാഹിയില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരമുണ്ട്. തനിക്ക് ലഭിക്കാതെ പോയ വിദ്യാഭ്യാസം തന്റെ മക്കള്‍ക്ക് കിട്ടണമെന്ന് നിര്‍ബന്ധമുണ്ട് ഈ അച്ഛന്. അതുകൊണ്ട് തന്നെയാണ് ദിവസം എട്ട് മണിക്കൂര്‍ വരെ തന്റെ ഗ്രാമത്തെ ഫുല്‍ബാനി നഗരവുമായി ബന്ധിപ്പിക്കുന്ന ഒരു റോഡ് നിര്‍മിക്കാന്‍ ഇദ്ദേഹം ഇറങ്ങിത്തിരിക്കാന്‍ കാരണം. വിദ്യാഭ്യാസ സൌകര്യങ്ങള്‍ ഫുല്‍ബാനിയിലേയുള്ളു. ഇങ്ങോട്ട് ദിവസം എത്തിപ്പെടാന്‍ പറ്റിയ നല്ലൊരു റോഡോ വാഹന സൌകര്യമോയില്ല. തന്നെ പോലെ മക്കള്‍ക്കും വിദ്യാഭ്യാസം കിട്ടാതെ പോകരുതെന്ന നിര്‍ബന്ധബുദ്ധിയില്‍ നിന്ന് ജലന്ദര്‍ പിക്കാസും തൂമ്പയുമെടുത്തു. തനിക്ക് മുന്നിലുള്ള വന്‍മല തന്നെയായിരുന്നു വലിയൊരു പ്രതിസന്ധി.

പ്രതിദിനം എട്ട് മണിക്കൂര്‍ വീതം റോഡ് പണിക്കായി ജലന്ദര്‍ അധ്വാനിച്ചു. ഒടുവില്‍ രണ്ടു വര്‍ഷം കൊണ്ട് എട്ട് കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് യാഥാര്‍ഥ്യമായി. അടുത്ത മൂന്നു വര്‍ഷം കൊണ്ട് ഏഴു കിലോമീറ്റര്‍ കൂടി റോഡ് വെട്ടിയൊരുക്കുകയാണ് ജലന്ദറിന്റെ ലക്ഷ്യം. കഷ്ടതകളിലും പ്രതിസന്ധികളിലും അടിപതറാതെ ഒരേ ലക്ഷ്യത്തിലേക്ക് തൂമ്പ ആയുന്ന ജലന്ദറിന്റെ നിശ്ചയദാര്‍ഢ്യം ഇനിയും കണ്ടില്ലെന്ന് നടിക്കാന്‍ ഭരണകൂടത്തിന് കഴിയില്ല. വാര്‍ത്തയായതോടെ ജലന്ദറിന്റെ അധ്വാനത്തിന് MGNREGS പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രതിഫലം നല്‍കാനും റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള സഹായം നല്‍കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ഒരു പ്രാദേശിക പത്രത്തിലെ വാര്‍ത്ത കണ്ടാണ് ജലന്ദറിനെ കുറിച്ച് അറിഞ്ഞതെന്ന് ജില്ലാ കലക്ടര്‍ ബൃന്ദ ഡി പറഞ്ഞു. ജലന്ദറിന് ആവശ്യമുള്ള സാമ്പത്തിക സഹായം നല്‍കാനും തൊഴിലാളികളെ ഏര്‍പ്പെടുത്താനും ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. പേരിനു പോലുമൊരു റോഡോ അവശ്യ സൌകര്യങ്ങളോ ഇല്ലാതെ വര്‍ഷങ്ങള്‍ നീണ്ട ദുരിതത്തിനൊടുവില്‍ ഗുംസാഹി ഗ്രാമം ഉപേക്ഷിച്ചുപോയത് നിരവധി പേരാണ്. അന്നും ഇന്നും സ്വന്തം മണ്ണ് വിട്ടുപോകാതെ ജീവിതം വെട്ടിപ്പിടിക്കുന്ന ജലന്ദര്‍ ലോകത്തിന് തന്നെ മാതൃകയാകുകയാണ്.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News