ഒരു വീടിന് വേണ്ടിയാണോ മകളെ മരണത്തിന് കൊടുത്തത് ?

Update: 2018-05-31 21:53 GMT
ഒരു വീടിന് വേണ്ടിയാണോ മകളെ മരണത്തിന് കൊടുത്തത് ?

‘‘ചികിത്സ കിട്ടിയില്ലെങ്കിൽ ഞാൻ അധികനാൾ ജീവിക്കില്ലെന്ന്​ ഡോക്ടർമാർ പറയുന്നു. എന്നെ രക്ഷിക്കില്ലേ ഡാഡീ’’

‘‘ചികിത്സ കിട്ടിയില്ലെങ്കിൽ ഞാൻ അധികനാൾ ജീവിക്കില്ലെന്ന്​ ഡോക്ടർമാർ പറയുന്നു. എന്നെ രക്ഷിക്കില്ലേ ഡാഡീ’’– അമ്മയുടെ ഫോണിൽ പകർത്തിയ വിഡിയോയിലൂടെ കെഞ്ചി കരഞ്ഞ 13 കാരിയായ സായ്​ശ്രീയെ ആരും മറന്നിട്ടുണ്ടാകില്ല. അവളുടെ മരണത്തിന് ശേഷമാണ് ആ വീഡിയോ നവ മാധ്യമങ്ങളുടെ ശ്രദ്ധയില്‍പെട്ടത് പോലും. അര്‍ബുദമെന്ന രോഗം തന്നെ വലിച്ചിഴക്കുന്നത് മരണത്തിലേക്കാണെന്ന തിരിച്ചറിവാണ് അവളെ ഉപേക്ഷിച്ച അച്ഛന് മുന്നില്‍ യാചിക്കാന്‍ നിര്‍ബന്ധിതയാക്കിയത്.

Advertising
Advertising

ഷെട്ടി ശിവകുമാറിന്‍റെയും സുമശ്രീയുടെയും മകളായിരുന്നു സായ് ശ്രീ. ശിവകുമാറും സുമശ്രീയും വേര്‍പിരിഞ്ഞാണ് കഴിഞ്ഞിരുന്നെങ്കിലും അച്ഛന് തന്നെ ജീവനാണെന്നായിരുന്നു സായ്ശ്രീ കരുതിയിരുന്നത്. ആ വിശ്വാസമായിരിക്കാം തന്‍റെ ജീവന്‍ നഷ്ടമാകുമെന്ന ഘട്ടത്തില്‍ അച്ഛനെ വിളിച്ച് കേഴാന്‍ അവളെ പ്രേരിപ്പിച്ചതും. പണമുണ്ടായിട്ടും തന്നെ ചികിത്സിക്കാന്‍ അച്ഛന്‍ വരില്ലെന്ന് ഉപബോധ മനസ് അവളോട് പലതവണ പറഞ്ഞിട്ടും അവള്‍ കേണപേക്ഷിച്ചത് അയാള്‍ വരുമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു. എന്നാല്‍ മെയ് 14 ന് അവള്‍ അവളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും മണ്ണില്‍ ഉപേക്ഷിച്ച് വിണ്ണിലേക്ക് യാത്രയായി. പിന്നീടാണ് അവളുടെ തേങ്ങല്‍ ലോകം ഏറ്റെടുത്തത്.

2016 ആഗസ്റ്റിലാണ്​ സായ്ശ്രീക്ക്​ മജ്ജയിൽ അര്‍ബുദമാണെന്ന് സ്ഥിരീകരിച്ചത്​. പിന്നീട്​ ആശുപത്രിയുടെയും മരുന്നിന്‍റെയും മണമായിരുന്നു അവൾക്ക്​. മജ്ജ മാറ്റിവെക്കൽ മാത്രമാണ്​ ഏക മാർഗമെന്നും അതിന് ​30 ലക്ഷം രൂപ ചെലവുവരുമെന്നും ഡോക്ടർമാർ അറിയിച്ചപ്പോൾ സുമശ്രീ എന്തുചെയ്യണമെന്ന് അറിയാതെ കുഴഞ്ഞു. തന്‍റെ മുഴുവന്‍ സമ്പാദ്യവും കടം വാങ്ങിയ തുകയുമെല്ലാം അപ്പോഴേക്കും സുമ ആശുപത്രിയില്‍ കൊടുത്തു കഴിഞ്ഞിരുന്നു. ഇതോടെ സായ്ശ്രീയെ ചികിത്സിക്കാന്‍ സഹായം തേടി സുമ ഭര്‍ത്താവിനെ വിളിച്ചു. എന്നാല്‍ സായ്ശ്രീയെ തനിക്കരുകിലെത്തിച്ചാല്‍ ചികിത്സിക്കാമെന്നായിരുന്നു ശിവകുമാറിന്‍റെ നിര്‍ദേശം. മകളുടെ ജീവനേക്കാള്‍ വലുതായിരുന്നില്ല അവളെ പിരിഞ്ഞിരിക്കുന്നത് സുമശ്രീക്ക്. അവര്‍ സായിയെ ശിവകുമാറിനെ വീട്ടിലെത്തിച്ചു.

Full View

ഫെബ്രുവരി മുതല്‍ അച്ഛനൊപ്പമായിരുന്നിട്ടും അവളെ ചികിത്സിക്കാനോ പതിവ് മരുന്ന് വാങ്ങി നല്‍കാനോ പോലും അയാള്‍ തയാറായില്ല. ഇതോടെ ഗുരുതരാവസ്ഥയിലായ സായിയെ സുമക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ചികിത്സക്കായി സായ്ശ്രീയുടെ പേരിലുള്ള വീട് വില്‍ക്കാന്‍ സുമ ശ്രമിച്ചെങ്കിലും ശിവകുമാര്‍ അത് തടഞ്ഞു. സായ്ശ്രീക്ക് രണ്ടു വയസുള്ളപ്പോഴാണ് ശിവകുമാര്‍ വിജയവാഡയിലെ വീട് അവളുടെ പേരില്‍ എഴുതിവെച്ചത്. ആ വീട് നഷ്ടപ്പെടാതിരിക്കാനാണ് അയാള്‍ സായിയെ മരണത്തിന് വിട്ടുകൊടുത്തതെന്ന് സുമ പറയുന്നു. വിവാഹമോചനം നേടുമ്പോള്‍ സായിയുടെ പൂര്‍ണ ഉത്തരവാദിത്തം ശിവകുമാറിനായിരുന്നു. ഇപ്പോള്‍ അവളുടെ മരണത്തിന് ഉത്തരവാദിയും അയാളാണ് സുമ പറഞ്ഞു. ഒരു വീടിന് വേണ്ടി സ്വന്തം മകളെ മരണത്തിന് വിട്ടുകൊടുക്കാന്‍ ഒരച്ഛന്‍ തയാറാകുമോയെന്നും സുമ ചോദിക്കുന്നു.

Similar News