പിഎന്‍ബി തട്ടിപ്പില്‍ ആര്‍ബിഐ ഗവര്‍ണറുടെ ആദ്യ പ്രതികരണം

Update: 2018-06-01 20:43 GMT
Editor : Subin
പിഎന്‍ബി തട്ടിപ്പില്‍ ആര്‍ബിഐ ഗവര്‍ണറുടെ ആദ്യ പ്രതികരണം
Advertising

പിഎന്‍ബി തട്ടിപ്പ് പുറത്തുവന്ന് ഒരു മാസം പിന്നിട്ടശേഷമാണ് വിഷയത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത്ത് പട്ടേല്‍ പ്രതികരിക്കുന്നത്.

റിസര്‍വ് ബാങ്കിന്റെ റെഗുലേറ്ററി ഏജന്‍സികള്‍ക്ക് എല്ലായിടത്തും എല്ലായ്‌പ്പോഴും ശ്രദ്ധിക്കാനാവില്ലെന്ന് റിസര്‍വ് ബാങ് ഗവര്‍ണര്‍ ഉര്‍ജിത്ത് പട്ടേല്‍. പിഎന്‍ബി വായ്പ തട്ടിപ്പ് തടയുന്നതില്‍ ആര്‍ബിഐ പരാജയപ്പെട്ടെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ആര്‍ബിഐ ഗവര്‍ണര്‍. തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ പിഎന്‍ബിക്കെതിരെ നടപടിയെടുക്കുമെന്ന സൂചനയും ആര്‍ബിഐ ഗവര്‍ണര്‍ നല്‍കി.

പിഎന്‍ബി തട്ടിപ്പ് പുറത്തുവന്ന് ഒരു മാസം പിന്നിട്ടശേഷമാണ് വിഷയത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത്ത് പട്ടേല്‍ പ്രതികരിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ റെഗുലേറ്ററി ഏജന്‍സിയുടെ കണ്ണുകള്‍ എല്ലായ്‌പ്പോഴും എല്ലായിടത്തും എത്തിപ്പെടില്ലെന്ന് ഉര്‍ജിത്ത് പട്ടേല്‍ പറഞ്ഞു. ബാങ്കിങ് മേഖലയിലെ ഇരട്ട നിയന്ത്രണം റിസര്‍വ് ബാങ്കിന്റെ റെഗുലേറ്ററിങ് സംവിധാനത്തിന് ചെറിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.

പൊതുമേഖല ബാങ്കുകള്‍ക്കുമേലുള്ള ഇരട്ട നിയന്ത്രണത്തിന്റെ ഭാഗമായുള്ള ധനമന്ത്രാലയത്തിന്റെ ഇടപെടലിനൊപ്പം ബാങ്കുകളുടെ മോശം പ്രവര്‍ത്തനവും വായ്പതട്ടിപ്പില്‍ പ്രധാനപങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലവില്‍ നടക്കുന്ന അന്വേഷണങ്ങളും തുടര്‍ന്നെടുക്കുന്ന നടപടികളും ഭാവിയില്‍ തട്ടിപ്പ് തടയുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. പിഎന്‍ബി അടക്കമുള്ള പല ബാങ്കുകള്‍ക്കും അവിശുദ്ധകൂട്ടുകെട്ടുകളുണ്ടെന്നും ഇത് സംബന്ധിച്ച് ആര്‍ബിഐ അന്വേഷണം നടത്തികൊണ്ടിരിക്കുകയാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.

തട്ടിപ്പില്‍ പിഎന്‍ബിക്കെതിരെ നടപടിയുണ്ടാകുമെന്ന സൂചനയും ഗവര്‍ണര്‍ നല്‍കി. ഗുജറാത്ത് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ സംസാരിക്കുകയായിരുന്നു ഉര്‍ജിത്ത് പട്ടേല്‍

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News