കര്‍ണ്ണാടകയില്‍ ബിജെപിയെ തോല്‍പിക്കാന്‍ അടവുനയം പ്രഖ്യാപിച്ച് സിപിഎം
കര്‍ണാടകയില്‍ ഇടത് പാര്‍ട്ടികള്‍ മത്സരിക്കാത്ത മണ്ഡലങ്ങളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കരുത്തരായ സ്ഥാനാര്‍ത്ഥികളെ പിന്തുണക്കുമെന്ന് സിപിഎം
കര്‍ണാടകയില്‍ ഇടത് പാര്‍ട്ടികള്‍ മത്സരിക്കാത്ത മണ്ഡലങ്ങളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കരുത്തരായ സ്ഥാനാര്‍ത്ഥികളെ പിന്തുണക്കുമെന്ന് സിപിഎം. ഇടതുമുന്നണിയെന്ന നിലയില്‍ തെരഞ്ഞെടുപ്പിനെ നേരിടും. ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട സംഘടന റിപ്പോര്‍ട്ടിന് മൂന്ന് ദിവസം നീണ്ട് നിന്ന കേന്ദ്ര കമ്മിറ്റി അംഗീകാരം നല്‍കി.
കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുപതോളം സീറ്റുകളിലാണ് ഇടത് മുന്നണി മത്സരിക്കുക. മറ്റു മണ്ഡലങ്ങളില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കരുത്തരായ സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കും. പാര്‍ട്ടികളുടെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഇവിടങ്ങളില്‍ കോണ്‍ഗ്രസിനോ ജെ.ഡി. എസിനോ ആയിരിക്കും സിപിഎമ്മിന്റെ പിന്തുണ.
കീഴാറ്റൂരിലെ വയല്‍ കിളി സമരത്തിന് പരിഹാരം കാണാന്‍ സിപിഎം കേന്ദ്ര നേതൃത്വം പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നും മുന്നോട്ട് വച്ചില്ല. സംസ്ഥാനത്ത് തന്നെ ചര്‍ച്ചയിലൂടെ പരിഹാരം കാണുമെന്നാണ് സംസ്ഥാന ഘടകം കേന്ദ്ര കമ്മിറ്റിയെ അറിയിച്ചത്. മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തിലും കേരളത്തിലും പാര്‍ട്ടിക്ക് രണ്ടു നിലപാടാണെന്ന വിമര്‍ശനം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തള്ളിക്കളഞ്ഞു. രണ്ടിടത്തും സംസ്ഥാനതലത്തില്‍ ഉചിതമായ തീരുമാനങ്ങള്‍ എടുക്കണമെന്നതാണ് നിലപാടെന്നും യച്ചൂരി പറഞ്ഞു.
ഏപ്രിലില്‍ ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട സംഘടനാ രാഷ്ട്രീയ റിപ്പോര്‍ട്ടിന് കേന്ദ്ര കമ്മിറ്റി അംഗീകാരം നല്‍കി. അഖിലേന്ത്യാ തലത്തിലും ബംഗാളിലും പാര്‍ട്ടി അംഗത്വത്തില്‍ ഇടിവുണ്ടായപ്പോള്‍ കേരളത്തില്‍ വളര്‍ച്ച കൈവരിക്കാനായി. അംഗത്വം നല്‍കുന്നതിനും പുതുക്കാനും പാര്‍ട്ടി പ്ലീനത്തില്‍ കൊണ്ടുവന്ന അഞ്ചിന മാനദണ്ഡങ്ങളാണ് അംഗ സംഖ്യ കുറയാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍.