ഗുജറാത്ത് തെരഞ്ഞെടുപ്പ്: ബിജെപിയെ ആശങ്കയിലാഴ്‍ത്തി മൂന്ന് യുവനേതാക്കള്‍

Update: 2018-06-04 12:24 GMT
Editor : Sithara
ഗുജറാത്ത് തെരഞ്ഞെടുപ്പ്: ബിജെപിയെ ആശങ്കയിലാഴ്‍ത്തി മൂന്ന് യുവനേതാക്കള്‍
Advertising

ജിഗ്നേഷ് മേവാനി, അല്‍പേഷ് ടാക്കൂര്‍, ഹാര്‍ദിക്ക് പട്ടേല്‍. ഇവര്‍ മൂന്ന് പേരുടെയും നേതൃത്വത്തിലുള്ള മുന്നേറ്റങ്ങളാണ് ബിജെപി നടപ്പിലാക്കുന്ന ജാതി സമവാക്യങ്ങളെ വെല്ലുവിളിക്കുന്നത്.

ഗുജറാത്ത് തെരഞ്ഞെടുപ്പിലെ ജാതി വോട്ട് കണക്ക് കൂട്ടലുകളെ തകിടം മറിക്കാനൊരുങ്ങി മൂന്ന് യുവ നേതാക്കള്‍. ജിഗ്നേഷ് മേവാനി, അല്‍പേഷ് ടാക്കൂര്‍, ഹാര്‍ദിക്ക് പട്ടേല്‍. ഇവര്‍ മൂന്ന് പേരുടെയും നേതൃത്വത്തിലുള്ള മുന്നേറ്റങ്ങളാണ് ബിജെപി നടപ്പിലാക്കുന്ന ജാതി സമവാക്യങ്ങളെ വെല്ലുവിളിക്കുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നാണ് മൂന്ന് നേതാക്കളുടെയും നിലവിലെ പ്രതികരണം. സംസ്ഥാനത്തെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പല സാഹചര്യങ്ങളിലും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുള്ളതിനാല്‍ ആശങ്കയിലാണ് ബിജെപി.

2016 ജൂലൈയിലെ ഉന ദലിത് സമരത്തിലൂടെ ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ച് കണ്‍വീനര്‍ ജിഗ്നേഷ് മേവാനി. ഒബിസി വിഭാഗക്കാരുടെ അവകാശ സംരക്ഷണത്തിന് നേതൃത്വം നല്‍കുന്ന ക്ഷത്രിയ ടാക്കൂര്‍ സേന കണ്‍വീനര്‍ അല്‍പേഷ് ടാക്കൂര്‍. ഒബിസി സംവരണ സമരത്തിന് നേതൃത്വം നല്‍കുന്ന പട്ടേല്‍ അനാമത് ആന്തോളന്‍ സമിതി കണ്‍വീനര്‍ ഹാര്‍ദിക്ക് പട്ടേല്‍. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ കൂടാതെ ഉയര്‍ന്നുവന്ന് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച മൂന്ന് പേര്‍. നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നാണ് മൂവരും വ്യക്തമാക്കിയിട്ടുള്ളത്. സ്വാഭാവികമായും ഇത് ബിജെപി വിരുദ്ധമാകും. അങ്ങനെ സംഭവിച്ചാല്‍ രണ്ട് പതിറ്റാണ്ടായി ബിജെപി തുടരുന്ന ജാതി സമവാക്യങ്ങള്‍ തകരുമെന്നതായിരിക്കും ഫലം.

മൂവരും പ്രതിനിധാനം ചെയ്യുന്ന വിഭാഗങ്ങള്‍ ഗുജാറാത്തിലെ മൊത്തം ജനസംഖ്യയുടെ 76 ശതമാനം വരും. അതിനാല്‍ 182 നിയമസഭ സീറ്റുകളില്‍ ഭൂരിഭാഗത്തിന്റെയും ജയപരാജയം നിര്‍ണ്ണയിക്കാന്‍ ഇവര്‍ക്ക് സാധിച്ചേക്കും. ഈ സാഹചര്യത്തെ മുതലെടുക്കാന്‍ കോണ്‍ഗ്രസും കരുനീക്കിത്തുടങ്ങി. മൂവരുമായി കോണ്‍ഗ്രസിന്റെ ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് വിവരം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News