ഞാന്‍ വിഷ്ണുവിന്റെ അവതാരമാണ്, ഓഫീസിലിരുന്ന് സമയം പാഴാക്കാനാവില്ല; വിചിത്ര വാദവുമായി ഗുജറാത്ത് എന്‍ജിനിയര്‍

Update: 2018-06-04 07:14 GMT
Editor : Jaisy
ഞാന്‍ വിഷ്ണുവിന്റെ അവതാരമാണ്, ഓഫീസിലിരുന്ന് സമയം പാഴാക്കാനാവില്ല; വിചിത്ര വാദവുമായി ഗുജറാത്ത് എന്‍ജിനിയര്‍
Advertising

സര്‍ദാര്‍ സരോവര്‍ പുനര്‍വസ്‌വത് ഏജന്‍സിയിലെ രമേശ്ചന്ദ്ര ഫെഫാര്‍ എന്ന എന്‍ജിനയറാണ് ആള്‍ദൈവങ്ങളെ തടഞ്ഞിട്ട് നടക്കാനാകാത്ത ഇക്കാലത്ത് ദൈവമാണെന്ന പുതിയ അവകാശ വാദവുമായി എത്തിയിരിക്കുന്നത്

താന്‍ വിഷ്ണുവിന്റെ പത്താമത്തെ അവതാരമാണെന്നും അതിനാല്‍ ഓഫീസിലിരുന്ന് സമയം പാഴാക്കാനാവില്ലെന്നുമുള്ള വിചിത്ര വാദവുമായി ഗുജറാത്ത് എന്‍ജിനിയര്‍.സര്‍ദാര്‍ സരോവര്‍ പുനര്‍വസ്‌വത് ഏജന്‍സിയിലെ രമേശ്ചന്ദ്ര ഫെഫാര്‍ എന്ന എന്‍ജിനയറാണ് ആള്‍ദൈവങ്ങളെ തടഞ്ഞിട്ട് നടക്കാനാകാത്ത ഇക്കാലത്ത് ദൈവമാണെന്ന പുതിയ അവകാശ വാദവുമായി എത്തിയിരിക്കുന്നത്.

കുറെ നാളായി രമേശ് ചന്ദ്ര ഓഫീസില്‍ ഹാജരാകാത്ത പശ്ചാത്തലത്തില്‍ കാരണം കാണിക്കല്‍ നോട്ടീസയച്ചപ്പോഴാണ് ചന്ദ്രയുടെ മറുപടി. മാത്രമല്ല, തന്റെ തപസിന്റെ ഫലമായി രാജ്യത്ത് നല്ല മഴ ലഭിക്കുന്നുണ്ടെന്നും ചന്ദ്ര പറഞ്ഞു. കഴിഞ്ഞ എട്ട് മാസത്തെ സര്‍വീസിനുള്ളില്‍ ആകെ 16 ദിവസമാണ് രമേശ് ചന്ദ്ര ജോലി ചെയ്തത്. 2017 സെപ്തംബര്‍ 22നാണ് ഇദ്ദേഹം ജോലിക്ക് കയറുന്നത്.

2010 മാര്‍ച്ചില്‍ ഓഫീസില്‍ ഇരിക്കുമ്പോഴാണ് വിഷ്ണുവിന്റെ അവതാരമായ കല്‍ക്കിയാണ് താനെന്ന് വെളിപാടുണ്ടാകുന്നത്. അതിനുശേഷം സവിശേഷശക്തികളുണ്ട്. ആഗോളധര്‍മം മാറ്റിമറിക്കുന്നതിനായി താന്‍ തപസില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. തപസിന്റെ അഞ്ചാം ഘട്ടത്തിലേക്കു പ്രവേശിച്ചുകഴിഞ്ഞു. ഓഫീസിലിരുന്ന് തനിക്ക് തപസ് ചെയ്യാന്‍ കഴിയില്ല. തന്റെ തപസിന്റെ ഫലമായി കഴിഞ്ഞ 19 വര്‍ഷമായി നല്ല മഴ ലഭിക്കുന്നുണ്ട്- രമേശ് ചന്ദ്ര ഫെഫാര്‍ പറയുന്നു.

അമ്പതു കാരനായ ഫെഫാര്‍ ജോലിക്കെത്താത്തതിനാല്‍ മൂന്നു ദിവസം മുന്‍പാണു വകുപ്പില്‍ നിന്നു കാരണം കാണിക്കല്‍ നോട്ടിസ് ലഭിച്ചത്. താന്‍ എന്തെങ്കിലും ചെറിയ ജോലികള്‍ ചെയ്ത് ഓഫീസില്‍ ഇരിക്കണമോ, അതോ രാജ്യത്തെ വരള്‍ച്ചയില്‍നിന്നു രക്ഷിക്കണമോ എന്ന് കമ്പനിക്കു തീരുമാനിക്കാമെന്നും ഫെഫാര്‍ കത്തില്‍ പറയുന്നു.

വിഐപികള്‍ താമസിക്കുന്ന കാല്‍വാഡ് റോഡിലെ ഒരു ബംഗ്ലാവിലാണ് രമേശ് ചന്ദ്ര താമസിക്കുന്നത്. ഭര്‍ത്താവ് മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് രമേശിന്റെ ഭാര്യ 2017 ഏപ്രിലില്‍ അദ്ദേഹത്തിനെതിരെ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. തന്നെയും തന്റെ മകനെയും ഭര്‍ത്താവ് ഭൂതങ്ങളായിട്ടാണ് കണക്കാക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News