യുപിയില്‍ വീണ്ടും പശുക്കടത്ത് ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു

മര്‍ദ്ദനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.....

Update: 2018-06-20 08:16 GMT

രാജ്യത്ത് വീണ്ടും ഗോ സംരക്ഷണത്തിന്റെ പേരില്‍ കൊലപാതകം. ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് സംഭവം. പശുക്കടത്തുകാരെന്ന് ആരോപിച്ച് ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മര്‍ദ്ദനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഉത്തര്‍പ്രദേശിലെ ഹാപൂരിലെ പിലഖുവയില്‍ തിങ്കളാഴ്ചയാണ് അക്രമം നടന്നത്. 45കാരനായ കാസിമിനാണ് മര്‍ദ്ദനത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്, 65 കാരനായ സമായുദ്ധീന്‍ ചികിത്സയിലാണുള്ളത്. കാസിം ആശുപത്രിയില്‍ വെച്ചാണ് മരിച്ചു.

അയല്‍ ഗ്രാമത്തിലെ ചില ബൈക്ക് യാത്രികരുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദ്ദനം കൊലപാതകത്തിലെത്തിയതെന്ന വിശദീകരണമാണ് പൊലീസ് നല്‍കുന്നത്. ബജാദ ഗ്രാമത്തിലൂടെ സഞ്ചരിച്ചിരുന്ന രണ്ടുപേരുടെ വാഹനം അവിടെയുണ്ടായിരുന്ന ഒരാളുടെ വാഹനവുമായി കൂട്ടിയിടിക്കുകയും ഇതേതുടര്‍ന്ന് അടിപിടിയുണ്ടാവുകയും അവര്‍ ആക്രമിക്കപ്പെടുകയും ഒരു വ്യക്തി മരിക്കുകയും ചെയ്തു എന്നാണ് യു.പി പൊലീസിന്റെ എഫ്.ഐ.ആറിലുള്ളത്. എന്നാല്‍ പശുക്കടത്ത് ആരോപിച്ചാണ് ഇവരെ മര്‍ദിച്ചതെന്ന് അക്രമത്തിനിരയായവരും ബന്ധുക്കളും തീര്‍ത്തു പറയുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertising
Advertising

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന മര്‍ദ്ദനത്തിന്‍റെ വീഡിയോയും നടന്നത് ഗോ സംരക്ഷണത്തിന്റെ പേരിലുള്ള കൊലപാതകമാണെന്ന് വ്യക്തമാക്കുന്നുണ്ട്. വീഡിയോ എടുക്കുന്നയാള്‍ ആക്രമണം നിര്‍ത്താനും ഖാസിമിന് വെള്ളം കൊടുക്കാനും ആവശ്യപ്പെടുന്നുണ്ട്. ‘അവനെ ആക്രമിച്ചത് മതിയെന്നും, തുടര്‍ന്നുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കണമെന്നും ദൃശ്യങ്ങള്‍ പകര്‍ത്തുന്നയാള്‍ പറയുന്നുണ്ട്.

എന്നാല്‍ ‘ഞങ്ങള്‍ രണ്ടു മിനുട്ടിനുള്ളില്‍ എത്തിയില്ലായിരുന്നെങ്കില്‍ ആ പശുവിനെ അറുത്തു കൊല്ലുമായിരുന്നുവെന്നും, ഇവര്‍ കശാപ്പുകാരനാണെന്നും അവന്‍ കാലികളെ കൊല്ലുന്നതെന്തിനാണെന്ന് ചോദിക്കണമെന്നുമുള്ള പ്രതികളുടെ ഭാഗത്തുനിന്നുള്ള ആക്രോശങ്ങള്‍ വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം.

Tags:    

Similar News