പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച എം.പിക്ക് ബന്ധുക്കള്‍ നന്ദി പറയണമെന്ന് ബിജെപി എം.എല്‍.എ

മന്ദസൌറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തിയ എം.പിക്ക് നന്ദി രേഖപ്പെടുത്തണമെന്ന് ബന്ധുക്കള്‍ക്ക് എം.എല്‍.എയുടെ നിര്‍ദേശം

Update: 2018-06-30 07:57 GMT

മന്ദസൌറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തിയ എം.പിക്ക് നന്ദി രേഖപ്പെടുത്തണമെന്ന് ബന്ധുക്കള്‍ക്ക് എം.എല്‍.എയുടെ നിര്‍ദേശം. ബി.ജെ.പി എം.എല്‍.എ സുദര്‍ശന്‍ ഗുപ്തയാണ് മന്ദസൌര്‍ എം.പി സുധീര്‍ ഗുപ്തയോട് നന്ദി പറയാനാവശ്യപ്പെട്ടത്. സംഭവത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരാണ് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്.

ചൊവ്വാഴ്ചയാണ് മന്ദസൌര്‍ ഹാഫിസ് കോളനിയിലെ വിദ്യാലയത്തിലെ രണ്ടാം ക്ലാസുകാരിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വിദ്യാലയത്തില്‍ നിന്നും 700 മീറ്റര്‍ അകലെയുള്ള വനപ്രദേശത്ത് പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തി. കൂട്ടബലാത്സംഗത്തിന് ഇരയായതായും ഗുരുതര പരിക്കുകളുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇതിനിടയിലാണ് പെണ്‍കുട്ടി ചികിത്സയില്‍ കഴിയുന്ന ഇന്‍ഡോര്‍ എം.വൈ ആശുപത്രിയില്‍ എം.പി സുധീര്‍ ഗുപ്ത സന്ദര്‍ശനം നടത്തിയത്.

Advertising
Advertising

സന്ദര്‍ശന ശേഷം എം.പി മടങ്ങവെയായിരുന്നു നിങ്ങള്‍ക്കായാണ് എം.പി യാത്രചെയ്ത് എത്തിയതെന്നും നന്ദി പറയണമെന്നും പ്രദേശത്തെ എം.എല്‍.എ സുദര്‍ശന്‍ ഗുപ്ത നിര്‍ദേശിച്ചത്. ഉടന്‍തന്നെ കുടുംബം കൈകൂപ്പി നന്ദി പറയുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോ പുറത്ത് വന്നതോടെ എം.എല്‍.എക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കുറ്റവാളികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളുടെ സമരം കടുപ്പിച്ചിട്ടുണ്ട്.

Full View
Tags:    

Similar News