ആ വാര്‍ത്ത വ്യാജം, ഞങ്ങള്‍ അയോധ്യയില്‍ നമസ്‍കാരവും ഖുര്‍ആന്‍ പാരായണവും സംഘടിപ്പിക്കുന്നില്ല: ആര്‍.എസ്.എസ്

ഇത് ഒരു വലിയ ചടങ്ങായിരിക്കുമെന്നും, ക്ഷണിക്കപ്പെട്ട 1500 മുസ്‍ലിം പണ്ഡിതന്മാര്‍ പങ്കെടുക്കുമെന്നുമുള്ള വിശദീകരണമായിരുന്നു രാഷ്ട്രീയ മുസ്‍ലിം മഞ്ചിന്റെ മീഡിയാ കണ്‍വീനര്‍  പറഞ്ഞിരുന്നത്.  

Update: 2018-07-12 07:00 GMT

ആർ.എസ്.എസിന്റെ മുസ്ലീം സംഘടനയായ രാഷ്ട്രീയ മുസ്ലീം മഞ്ച് അയോധ്യയില്‍ സരയൂ നദീതീരത്ത് വിപുലമായ നമസ്ക്കാരചടങ്ങും ഖുർആൻ പാരായണവും സംഘടിപ്പിക്കുന്നു എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തയെ നിരാകരിച്ച് ആര്‍.എസ്.എസ്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ആര്‍.എസ്.എസ് വിശദീകരണവുമായി രംഗത്തെത്തിയിട്ടുള്ളത്. അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് അരുണ്‍ കുമാറിന്റെ പേരിലാണ് ട്വീറ്റ് പുറത്തുവന്നിട്ടുള്ളത്. ആര്‍.എസ്.എസ് അയോധ്യയില്‍ സമൂഹ നമസ്കാരം സംഘപ്പിക്കുന്നു എന്ന നിലയില്‍ പുറത്തുവന്ന മാധ്യമവാര്‍ത്തകള്‍ വാസ്തവവിരുദ്ധവും അസത്യവുമാണെന്നാണ് ആര്‍.എസ്.എസിന്റെ ട്വീറ്റ്.

Advertising
Advertising

എന്നാല്‍ നേരത്തെ, ഇത് ഒരു വലിയ ചടങ്ങായിരിക്കുമെന്നും, ക്ഷണിക്കപ്പെട്ട 1500 മുസ്‍ലിം പണ്ഡിതന്മാര്‍ പങ്കെടുക്കുമെന്നുമുള്ള വിശദീകരണമായിരുന്നു രാഷ്ട്രീയ മുസ്‍ലിം മഞ്ചിന്റെ മീഡിയാ കണ്‍വീനറായ റസ റിസ്‍വി പറഞ്ഞിരുന്നത്. വരുന്നവര്‍ സരയൂവിലെ ഒഴുകുന്ന വെള്ളത്തില്‍ അംഗസ്നാനം ചെയ്യുമെന്നും തുടര്‍ന്ന് നമസ്കാരവും ഖുര്‍ആന്‍ പാരായണവും നിര്‍വഹിക്കുമെന്നും റസ റിസ്‍വി പറഞ്ഞിരുന്നു. ഇത് സഹോദരസ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ലോകത്തിന് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

മുസ്‍ലീംകള്‍ക്ക് അവരുടെ മതപരമായ ആചാരങ്ങള്‍ പിന്തുടരാന്‍ അനുവാദം നല്‍കുന്നില്ലെന്നത് വ്യാജപ്രചരണമാണെന്ന വിശദീകരണവും രാഷ്ട്രീയ മുസ്‍ലിം മഞ്ചിന്റെ നേതാവായ ഷബാന അസ്‍മി നല്‍കിയിരുന്നു. മറ്റൊന്ന് ആര്‍എസ്എസ് മുസ്‍ലീംകള്‍ക്ക് എതിരാണെന്നതാണ്. ഈ ചടങ്ങ് തന്നെ സംഘടിപ്പിക്കുന്നത് അയോധ്യ ഹിന്ദുക്കളുടെയും മുസ്‍ലിംകളുടെയും കൂടിയാണ് എന്ന സന്ദേശം നല്‍കാനാണെന്ന വിശദീകരണവും അവര്‍ നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ ഔദ്യോഗിക പേജിലൂടെ ആര്‍എസ്എസ് തള്ളിയിരിക്കുന്നത്.

Tags:    

Similar News