ഭാര്യയുടെ മൃതദേഹത്തിനരികെ ചലനശേഷി നഷ്ടപ്പെട്ട് ഭര്‍ത്താവിരുന്നത് 5 ദിവസം; ഒടുവില്‍ മരണം തട്ടിയെടുത്തു

പക്ഷാഘാതത്തെ തുടര്‍ന്ന് ശരീരം തളര്‍ന്നുപോയ ആനന്ദ് ഘോല്‍ക്കറാണ് അ‍ഞ്ച് ദിവസത്തോളം ഭക്ഷണവും വെള്ളവും കഴിക്കാതെ, ഒന്നു പ്രതികരിക്കാന്‍ പോലും കഴിയാതെ ഭാര്യയുടെ മൃതദേഹത്തിനരികെ കാവലിരുന്നത്. 

Update: 2018-07-16 16:40 GMT

ഭാര്യയുടെ മൃതദേഹത്തിനരികെ ചലനശേഷി നഷ്ടപ്പെട്ട ഭര്‍ത്താവിരുന്നത് അഞ്ച് ദിവസം. പക്ഷാഘാതത്തെ തുടര്‍ന്ന് ശരീരം തളര്‍ന്നുപോയ ആനന്ദ് ഘോല്‍ക്കറാണ് അ‍ഞ്ച് ദിവസത്തോളം ഭക്ഷണവും വെള്ളവും കഴിക്കാതെ, ഒന്നു പ്രതികരിക്കാനോ കരയാനോ പോലും കഴിയാതെ ഭാര്യയുടെ മൃതദേഹത്തിനരികെ കാവലിരുന്നത്. ഒടുവില്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ അവശനായ ആനന്ദിനെയും മരണം തട്ടിയെടുത്തു. കര്‍ണാടകയിലെ കാര്‍വാറിലാണ് ഹൃദയഭേദകമായ സംഭവം.

കാര്‍വാറിലെ കെ.എച്ച്.ബി കോളനിവാസിയായിരുന്നു 60 കാരനായ ആനന്ദ്. 55 കാരിയായ ഗിരിജയായിരുന്നു ഭാര്യ. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ആനന്ദ്. 2016 ല്‍ പക്ഷാഘാതത്തെ തുടര്‍ന്ന് ആനന്ദിന്‍റെ ചലനശേഷി പൂര്‍ണമായും നഷ്ടപ്പെട്ടു. വര്‍ഷങ്ങളായി ആനന്ദിനെ പരിചരിച്ചിരുന്നത് ഗിരിജ ആയിരുന്നു. ബന്ധുക്കളാരും തന്നെ ഇവരെ തിരിഞ്ഞുനോക്കിയിരുന്നില്ല. ഗിരിജയുടെ സഹോദരന്‍ സുബ്രമണ്യ മാത്രമായിരുന്നു ഇവരുടെ വല്ലപ്പോഴുമുള്ള ഏക സന്ദര്‍ശകന്‍.

Advertising
Advertising

ആനന്ദിന്‍റെ ബന്ധുക്കളാരും തന്നെ ഇവരുടെ വിവരങ്ങള്‍ അന്വേഷിച്ചിരുന്നില്ലെന്നും തന്‍റെ സഹോദരിയായിരുന്നു ആ കുടുംബത്തിന്‍റെ ഏക ആശ്രയമെന്നും അടുത്ത വീടുകളില്‍ അടുക്കളപ്പണി ചെയ്താണ് കുടുംബം നോക്കിയിരുന്നതെന്നും സുബ്രമണ്യ പറയുന്നു. ഇവര്‍ക്ക് മക്കളും ഉണ്ടായിരുന്നില്ല. ജൂലൈ 11 ന് സുബ്രമണ്യ സഹോദരിയെ ഫോണില്‍ വിളിച്ചു. പക്ഷേ ആരും ഫോണെടുത്തില്ല. അവര്‍ തിരക്കിലായിരിക്കുമെന്ന് കരുതി സുബ്രമണ്യ അടുത്ത ദിവസത്തേക്ക് അന്വേഷണം മാറ്റിവച്ചു. തൊട്ടടുത്ത ദിവസം മെഡിക്കല്‍ ചെക്കപ്പിന് വേണ്ടി ഗിരിജയെ വിളിച്ചെങ്കിലും ഫോണ്‍ ഓഫായിരുന്നു. തുടര്‍ന്ന് പലവട്ടം വിളിച്ചെങ്കിലും ഫോണ്‍ ഓഫ് ആണെന്ന അറിയിപ്പാണ് സുബ്രമണ്യക്ക് ലഭിച്ചത്.

വൈദ്യുതി ഇല്ലാത്തതു കൊണ്ട് ഫോണില്‍ ചാര്‍ജുണ്ടാകില്ലെന്ന് സുബ്രമണ്യവും കരുതി. പക്ഷേ ശനിയാഴ്ച വിളിച്ചപ്പോഴും ഫോണ്‍ ഓഫാണെന്ന് അറിയിപ്പ് കിട്ടിയതോടെ താന്‍ പരിഭ്രാന്തനായെന്ന് സുബ്രമണ്യ പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ ഹൊന്നാവാറില്‍ നിന്ന് ട്രെയിനില്‍ കാര്‍വാറിലെത്തിയെന്നും സഹോദരിയുടെ വീട്ടിലെത്തി വാതിലില്‍ തട്ടിവിളിച്ചിട്ട് പ്രതികരണമൊന്നും ലഭിച്ചില്ലെന്നും സുബ്രമണ്യ പറഞ്ഞു.

''ഞാന്‍ കരുതി അവര്‍ ജോലിക്ക് പോയിട്ടുണ്ടാകുമെന്ന്. അയല്‍ക്കാരോടൊക്കെ അന്വേഷിച്ചു. അപ്പോഴാണ് കഴിഞ്ഞ കുറച്ചുദിവസമായി ഗിരിജയെ അവരും കണ്ടിട്ടെന്ന് അറിഞ്ഞത്. തുടര്‍ന്ന് ഞാന്‍ പുറകുവശത്തെ വാതിലില്‍ തട്ടിവിളിച്ചു. അതും പൂട്ടിയിരിക്കുകയായിരുന്നു. ചെറിയ വീടായിരുന്നു അവരുടേത്. ആസ്‍ബറ്റോസ് ഷീറ്റുവച്ച് കെട്ടിയതായിരുന്നു മേല്‍ക്കൂര. വീടിനു മുകളില്‍ കയറി ഷീറ്റ് മാറ്റി നോക്കിയപ്പോഴാണ് ഗിരിജയുടെ മൃതദേഹത്തിനരികെ ആനന്ദും ചലമറ്റിരിക്കുന്നത് കണ്ടത്. ഞെട്ടിപ്പോയി. അയല്‍ക്കാരെ കൂട്ടി വാതില്‍ പൊളിച്ച് അകത്ത് എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. തീര്‍ത്തും അവശനായിരുന്ന ആനന്ദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ അദ്ദേഹം അന്ത്യശ്വാസം വലിച്ചെന്നും സുബ്രമണ്യ പറഞ്ഞു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഗിരിജ മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

Tags:    

Similar News