പ്രതികാരനടപടി? ഉമര്‍ ഖാദിലിന്‍റെ പി.എച്ച്.ഡി പ്രബന്ധം സ്വീകരിക്കാതെ ജെ.എന്‍.യു

തന്‍റെയും മറ്റു രണ്ടു വിദ്യാര്‍ഥികളുടെയും പ്രബന്ധങ്ങളാണ് അധികൃതര്‍ സ്വീകരിക്കാന്‍ തയാറാകാത്തത്. കോടതി വിധിയുടെ ലംഘനം നടത്തിയ ജെ.എന്‍.യു അധികൃതര്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉമര്‍ പറഞ്ഞു.

Update: 2018-07-24 09:47 GMT
Advertising

ജെ.എന്‍.യുവില്‍ പി.എച്ച്.ഡിക്കായി സമര്‍പ്പിച്ച പ്രബന്ധങ്ങള്‍ സ്വീകരിക്കാതെ മടക്കിയെന്ന് വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ്. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നടപടി നേരിട്ടുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഉമറിന്‍റെയും മറ്റു രണ്ടു വിദ്യാര്‍ഥികളുടേയും പ്രബന്ധങ്ങള്‍ സ്വീകരിക്കാന്‍ ജെ.എന്‍.യു അധികൃതര്‍ വിസമ്മതിച്ചത്. 2016 ഫെബ്രുവരി ഒമ്പതിന് സര്‍വകലാശാല കാമ്പസില്‍ രാജ്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് ഉമറിനെതിരെ ജെ.എന്‍.യു അധികൃതര്‍ ശിക്ഷാ നടപടികള്‍ സ്വീകരിച്ചിരുന്നു. തിങ്കളാഴ്ചയായിരുന്നു എം.ഫിലിനും പി.എച്ച്.ഡിക്കുമായുള്ള പ്രബന്ധങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി.

ഡല്‍ഹി ഹൈക്കോടതിയുടെ വിധിയെ മാനിക്കാതെയാണ് ജെ.എന്‍.യു അധികൃതര്‍ തങ്ങളുടെ പ്രബന്ധങ്ങള്‍ സമര്‍പ്പിക്കുന്നതില്‍ തടസം നില്‍ക്കുന്നതെന്ന് ഉമര്‍ ഖാലിദ് പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കെതിരെ പ്രതികാര നടപടിയുണ്ടാകരുതെന്ന് ഹൈക്കോടതി വിധിയില്‍ പ്രത്യേകം വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ പ്രബന്ധം സമര്‍പ്പിക്കാനുള്ള അവസാന ദിവസം പോലും ജെ.എന്‍.യു ഭരണാധികാരികള്‍ ഇത് തടഞ്ഞു. തന്‍റെയും മറ്റു രണ്ടു വിദ്യാര്‍ഥികളുടെയും പ്രബന്ധങ്ങളാണ് അധികൃതര്‍ സ്വീകരിക്കാന്‍ തയാറാകാത്തത്. കോടതി വിധിയുടെ ലംഘനം നടത്തിയ ജെ.എന്‍.യു അധികൃതര്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉമര്‍ ഖാലിദ് പറഞ്ഞു. അഫ്സല്‍ ഗുരുവിന്‍റെ ചരമ വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിക്കിടെയാണ് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയതെന്നാണ് ആരോപണം. ഇതിന്‍റെ പശ്ചാത്തലത്തില്‍ സംഘടനാ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഉമര്‍ ഖാലിദിനും ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാറിനും അധികൃതര്‍ ഭീമമായ പിഴയിട്ടിരുന്നു.

ജെ.എന്‍.യു നടപടിക്കെതിരെ കോടതിയില്‍ നിന്ന് ഉമര്‍ ഖാലിദ് അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. ഈ വിധിയിലാണ് പ്രതികാര നടപടികളുണ്ടാകരുതെന്ന് വ്യക്തമാക്കിയിരുന്നത്. നേരത്തെ സര്‍വകലാശാല അധികൃതര്‍, അച്ചടക്ക ലംഘനത്തിന് ഉമറിനെ ഒരു സെമസ്റ്ററില്‍ നിന്ന് സസ്‍പെന്‍ഡ് ചെയ്യുകയും 20,000 രൂപ പിഴയിടുകയും ചെയ്തിരുന്നു.

Tags:    

Similar News