അസം അന്തിമ പൌരത്വ രജിസ്റ്റര്‍ ഈ വര്‍ഷം തന്നെ

അന്തിമ കരട് പട്ടികയില്‍ ഇടം നേടാനാകാത്തതോടെ സംസ്ഥാനത്ത് 40 ലക്ഷത്തിലധികം പേര്‍ കടുത്ത ആശങ്കയിലിരിക്കെയാണ് കേന്ദ്രം നീക്കങ്ങള്‍ സജീവമാക്കുന്നത്.

Update: 2018-07-31 05:47 GMT

അസമില്‍ അന്തിമ പൌരത്വ രജിസ്റ്റര്‍ ഈ വര്‍ഷം തന്നെ ഇറങ്ങിയേക്കും. ഡിസംബര്‍ 31 നുള്ളില്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അസം സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. അന്തിമ കരട് പട്ടികയില്‍ ഇടം നേടാനാകാത്തതോടെ സംസ്ഥാനത്ത് 40 ലക്ഷത്തിലധികം പേര്‍ കടുത്ത ആശങ്കയിലിരിക്കെയാണ് കേന്ദ്രം നീക്കങ്ങള്‍ സജീവമാക്കുന്നത്.

സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് അസം പൌരത്വ രജിസ്റ്റര്‍ നടപടികള്‍ ത്വരിതപ്പെടുത്തി മുന്നോട്ട് പോകുന്നത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ ആകെ എണ്ണം ഒരിക്കലും നാല്‍പത് ലക്ഷമുണ്ടാകില്ലെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളും കനേഷകുമാരി വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. രാഷ്ട്രീയ ലക്ഷ്യവും ക്രമക്കേടുകളും നിറഞ്ഞതാണ് അന്തിമ കരട് പട്ടികയെന്നും കോണ്‍ഗ്രസ്സ് കുറ്റപ്പെടുത്തി.

Advertising
Advertising

അന്തിമ കരടില്‍ നിന്ന് പുറത്തായതോടെ കടുത്ത ആശങ്കയിലാണ് സംസ്ഥാനത്തെ 4007707 പേര്‍. ഇതിനിടെയാണ് ഇവരുടെ ആശങ്ക വര്‍ധിപ്പിച്ച് കേന്ദ്രം പുതിയ വിജ്ഞാപനമിറക്കിയിട്ടുള്ളത്. അന്തിമ പൌരത്വ പട്ടികയുടെ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 31 ഉള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

സംസ്ഥാനത്തെ ആയിരത്തോളം വരുന്ന പൌരത്വ രജിസ്റ്റര്‍ സേവ കേന്ദ്രങ്ങളില്‍ ഇനി പരാതിയുമായി പോകാം എന്നതാണ് ഇപ്പോള്‍ കരട് പട്ടികക്ക് പുറത്തുള്ളവരുട മുന്നിലെ ഏക വഴി. പക്ഷേ ഓഗസ്റ്റ് മുപ്പത് മുതല്‍ സെപ്റ്റംബര്‍ 28 വരെ മാത്രമാണ് ഇതിനുള്ള സമയം. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ 40 ലക്ഷത്തിലധികം പേരുടെ പൌരത്വ രേഖ പരിശോധിക്കുക എന്നത് അപ്രായോഗികമാണെന്നും ആക്ഷേപമുണ്ട്.

Tags:    

Similar News