‘ഉയര്‍ന്ന സ്ഥാനം കിട്ടണമെങ്കില്‍ ‘വിട്ടുവീഴ്ച’ ചെയ്യാന്‍ ആവശ്യപ്പെട്ടു’ ജമ്മുകാശ്മീര്‍ ബിജെപിയില്‍ സ്ത്രീകള്‍ ചൂഷണത്തിന് ഇരയാകുന്നതായി വനിതാ അംഗം

പാര്‍ട്ടിയുടെ സംസ്ഥാന യൂണിറ്റില്‍ വനിതാ അംഗങ്ങളെ പുരുഷ നേതാക്കന്മാര്‍ ചൂഷണം ചെയ്യുന്നതായാണ് പ്രിയയുടെ ആരോപണം.

Update: 2018-09-01 10:46 GMT
Advertising

ജമ്മുകശ്മീര്‍ ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി ബി.ജെ.പി വനിതാ അംഗം പ്രിയ ജരാല്‍. പാര്‍ട്ടിയുടെ സംസ്ഥാന യൂണിറ്റില്‍ വനിതാ അംഗങ്ങളെ പുരുഷ നേതാക്കന്മാര്‍ ചൂഷണം ചെയ്യുന്നതായാണ് പ്രിയയുടെ ആരോപണം. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കന്മാരോട് ചെറിയ ചില വിട്ടുവീഴ്ചകള്‍ ചെയ്താലാണ് ഉയര്‍ന്ന സ്ഥാനങ്ങള്‍ ലഭിക്കുകയുള്ളൂ എന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് തന്നോട് പറഞ്ഞതായി പ്രിയ തുറന്നടിച്ചു.

ജമ്മുവിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ വ്യാഴാഴ്ചയാണ് സംഭവം. മുന്‍ പ്രധാനമന്ത്രി വാജ്‌പേയിക്ക് ആദരവര്‍പ്പിക്കുന്ന ചടങ്ങിനു ശേഷമായിരുന്നു പ്രിയ ജരാലിന്റെ തുറന്നുപറച്ചില്‍. ചടങ്ങിന് ശേഷം ബി.ജെ.പി ജമ്മുകശ്മീര്‍ പ്രസിഡന്റ് രവീന്ദര്‍ റെയ്‌നയെ സമീപിച്ച പ്രിയ സ്ത്രീകളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഇതിനിടെ ജമ്മുകശ്മീര്‍ നിയമസഭാ സ്പീക്കര്‍ നിര്‍മ്മല്‍ സിങ് പ്രിയയെ തടയാന്‍ ശ്രമിച്ചു. എന്നാല്‍ യുവതി പരാതി ഉന്നയിക്കുന്നത് തുടര്‍ന്നു. ഈ അവസരത്തില്‍ ഇത് ഉന്നയിക്കുന്നത് ശരിയല്ലെന്ന് റെയ്‌ന പറഞ്ഞപ്പോള്‍ ‘പറ്റില്ല സര്‍, പലതവണയായി അപമാനം നേരിട്ട് വയ്യാതായിരിക്കുന്നു‍’ എന്നായിരുന്നു പ്രിയയുടെ പ്രതികരണം.

പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് യാതൊരു ബഹുമാനവും ലഭിക്കുന്നില്ലെന്നും പുരുഷ നേതാക്കന്മാര്‍ക്ക് എങ്ങനെയാണ് സ്ത്രീകളോട് പെരുമാറേണ്ടതെന്ന് അറിയില്ലെന്നും പ്രിയ പറഞ്ഞു. ''മിണ്ടാതെ ഇരിക്കുന്ന തരത്തിലുള്ള സ്ത്രീയല്ല ഞാന്‍. പറയാനുള്ളത് പറയുക തന്നെ ചെയ്യും.'' അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News