ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയെ തോല്‍പിക്കാനായാല്‍ ഇന്ത്യയൊട്ടാകെ അവരെ തളക്കാനാകും- അഖിലേഷ് യാദവ്

ജാതിയുടെയും മതത്തിന്‍റെയും പേരില്‍ യുവാക്കള്‍ തമ്മിലടിക്കാന്‍ തുടങ്ങിയാല്‍ അവര്‍ ജോലിയും ശമ്പളവുമെല്ലാം മറക്കുമെന്നും അതാണ് ബി.ജെ.പി ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു

Update: 2018-09-16 09:54 GMT

ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയെ തോല്‍പിക്കാനായാല്‍ ഇന്ത്യയൊട്ടാകെ അവരെ തളക്കാനാകുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പ് കമ്മീഷനോടുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും 50 വര്‍ഷം ഭരിക്കുമെന്ന് പറയുന്നവര്‍ക്ക് 50 ആഴ്ചകള്‍ കൊണ്ട് മറുപടി കൊടുക്കാനാകുമെന്നും അഖിലേഷ് പറഞ്ഞു.

ആര്‍.എസ്.എസ് ജനങ്ങളെ തെറ്റായ രീതിയില്‍ വഴിതിരിക്കുന്നത് കൊണ്ടാണ് സമാജ് വാദി പാര്‍ട്ടി യു.പി യില്‍ പരാജയപ്പെട്ടത്. രാജ്യത്തെ രക്ഷിക്കാനായി ജനങ്ങള്‍ ആര്‍.എസ്.എസില്‍ നിന്ന് വിട്ടു നില്‍ക്കണം. ജാതിയുടെയും മതത്തിന്‍റെയും പേരില്‍ അവര്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും അതിനാലാണ് താന്‍ അവര്‍ക്കെതിരെ നീങ്ങുന്നതെന്നും അഖിലേഷ് പറഞ്ഞു.

തെരഞ്ഞെടുപ്പിനൊടുവില്‍ വിശാല സഖ്യത്തിന്‍റെ പ്രധാനമന്ത്രിയാരാണെന്ന് തീരുമാനിക്കാമെന്നും പ്രധാന ലക്ഷ്യം ബി.ജെ.പിയെ പരാജയപ്പെടുത്തുകയെന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. മുലായം സിങ് യാദവില്‍ നിന്നാണ് താന്‍ രാഷ്ട്രീയ പാഠങ്ങള്‍ പഠിച്ചത്. ജാതിയുടെയും മതത്തിന്‍റെയും പേരില്‍ യുവാക്കള്‍ തമ്മിലടിക്കാന്‍ തുടങ്ങിയാല്‍ അവര്‍ ജോലിയും ശമ്പളവുമെല്ലാം മറക്കുമെന്നും അതാണ് ബി.ജെ.പി ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News