ഗോവയില്‍ സര്‍ക്കാര്‍ രൂപീകരണ നീക്കം സജീവമാക്കി കോണ്‍ഗ്രസ്സ്; ഘടകകക്ഷികളെ കൂടെ നിര്‍ത്താനുള്ള അവസാന കരുനീക്കത്തില്‍ ബി.ജെ.പി

ഉപമുഖ്യമന്ത്രിയെ ബി.ജെ.പി സ്വന്തം ഇഷ്ടത്തിന് പ്രഖ്യാപിച്ചാല്‍ സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നേരിടേണ്ടിവരും, ഭരണകക്ഷിയായ പല എം.എല്‍.എമാരും രാജി വെക്കുമെന്നും കോണ്‍ഗ്രസ്സ് നേതൃത്വം അവകാശപ്പെട്ടു.

Update: 2018-09-19 01:47 GMT

മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ചികിത്സ തേടിയതോടെ ഭരണം പ്രതിസന്ധിയിലായ ഗോവയില്‍ സര്‍ക്കാര്‍ രൂപീകരണ നീക്കം സജീവമാക്കി കോണ്‍ഗ്രസ്സ്. സര്‍‌ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ വീണ്ടും ഗവര്‍ണറെ സമീപിച്ചു. അതേസമയം ഘടകകക്ഷികളെ കൂടെ നിര്‍ത്താനുള്ള അവസാന കരുനീക്കത്തിലാണ് ബി.ജെ.പി.

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹി എംയിസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ സാഹചര്യത്തില്‍ ഘടക കക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെ നേതാവും മുതിര്‍ന്ന മന്ത്രിയുമായ സുധിന്‍ ധവലിക്കറിനെ ഉപമുഖ്യമന്ത്രിയാക്കി ഭരണ ചുമതല ഏല്‍പിക്കാം എന്നാണ് ബി.ജെ.പി നിലപാട്.

Advertising
Advertising

എന്നാല്‍ മറ്റൊരു ഘടകകക്ഷിയായ ഗോവാ ഫോര്‍ വേഡ് പാര്‍ട്ടി ഇതംഗീകരിക്കാന്‍ തയ്യാറാല്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ്സിന്‍റെ നിര്‍ണായക നീക്കങ്ങള്‍. രാജ്ഭവനിലെത്തിയ കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹയെ നേരിട്ട് കണ്ട് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശ വാദം ഉന്നയിച്ചു. എന്നാല്‍ കോണ്‍ഗ്രസ്സ് നീക്കം ജനാധിപത്യ വിരുദ്ധമാണെന്നാണ് ബി ജെ പി കുറ്റപ്പെടുത്തി.

ഉപമുഖ്യമന്ത്രിയെ ബി.ജെ.പി സ്വന്തം ഇഷ്ടത്തിന് പ്രഖ്യാപിച്ചാല്‍ സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നേരിടേണ്ടിവരും, ഭരണകക്ഷിയായ പല എം.എല്‍.എമാരും രാജി വെക്കുമെന്നും കോണ്‍ഗ്രസ്സ് നേതൃത്വം അവകാശപ്പെട്ടു. 40 അംഗ നിയമ സഭയില്‍ 16 സീറ്റുള്ള കോണ്‍ഗ്രസ്സാണ് ഏറ്റവും വലിയ ഒറ്റ കക്ഷി. 5 എം.എല്‍.എമാരുടെ പിന്തുണ കൂടിയുണ്ടെങ്കില്‍ ഭരണം കയ്യാളാനാകും. ഈ സാഹചര്യം മുന്നില്‍ കണ്ട് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ തന്നെ ഘടക കക്ഷികളെ അനുനയിപ്പിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്.

Tags:    

Similar News