ആശുപത്രിയില്‍ മന്ത്രിസഭാ യോഗം വിളിച്ച് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍

സംസ്ഥാന ഭരണം താളംതെറ്റിയ നിലയിലാണെന്ന് പ്രതിപക്ഷം നിരവധി തവണ ആരോപണം ഉയര്‍ത്തിയിരുന്നു. ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് കോണ്‍ഗ്രസ് രംഗത്തെത്തുകയും ചെയ്തിരുന്നു.

Update: 2018-10-12 06:24 GMT
Advertising

ഡല്‍ഹി എയിംസ് ആശുപത്രിയില്‍ മന്ത്രിസഭാ യോഗം വിളിച്ച് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. ചികിത്സ തുടരുന്നതിനിടെയാണ് പരീക്കര്‍ ആശുപത്രിയില്‍ തന്നെ പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചത്.

ഒക്ടോബര്‍ 12ന് മന്ത്രിസഭാ യോഗം എയിംസ് ആശുപത്രിയില്‍ വെച്ച് നടത്താന്‍ തീരുമാനിച്ച വിവരം മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് അറിയിച്ചത്. സംസ്ഥാനത്തെ നിലവിലെ ഭരണസാഹചര്യം വിലയിരുത്തുകയാണ് യോഗത്തിന്റെ പ്രധാന അജണ്ടയെന്നാണ് റിപ്പോര്‍ട്ട്. എയിംസില്‍ ചികിത്സ ആരംഭിച്ചതിന് പിന്നാലെ പരീക്കറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ആദ്യമന്ത്രിസഭാ യോഗം കൂടിയാണ് ഇത്.

മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സംസ്ഥാന ഭരണം താളംതെറ്റിയ നിലയിലാണെന്ന ആരോപണം പ്രതിപക്ഷം നിരവധി തവണ ഉയര്‍ത്തിയിരുന്നു. ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് കോണ്‍ഗ്രസ് രംഗത്തെത്തുകയും ചെയ്തിരുന്നു. പരീക്കര്‍ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നും മന്ത്രിസഭയില്‍ ചില അഴിച്ചുപണികളുണ്ടാകുമെന്നും കഴിഞ്ഞ മാസം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ആശുപത്രിയില്‍ തന്നെ പ്രത്യേക മന്ത്രിസഭാ യോഗം നടത്തുന്നത്.

പാന്‍ക്രിയാറ്റിക് കാന്‍സറിന്റെ ഭാഗമായി അമേരിക്കയില്‍ നിന്നും ചികിത്സ കഴിഞ്ഞു വന്നതിന് പിന്നാലെ സെപ്റ്റംബര്‍ 15 മുതല്‍ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് മുഖ്യമന്ത്രി.

Tags:    

Similar News