പ്രതിപക്ഷ ഐക്യത്തിന് കരുത്തേകി കർഷക പ്രതിഷേധം
കോൺഗ്രസുമായി ഇപ്പോഴും അകൽച്ചയിൽ തുടരുന്ന സി.പി.എം, ആം ആദ്മി പാർട്ടി എന്നിവർ കർഷക വിഷയത്തിൽ കോൺഗ്രസുമായി ചേർന്ന് പോകുന്നു.
പ്രതിപക്ഷ ഐക്യത്തിന് ശക്തി പകർന്ന് കേന്ദ്ര സർക്കാരിനെതിരായ കർഷക പ്രതിഷേധം. ഇന്നലെ നടന്ന കർഷകരുടെ പാർലമെന്റ് മാർച്ചിൽ രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടികളാണ് ഒരേ വേദിയിൽ എത്തിയത്. കർഷകരുടെ പ്രതിഷേധങ്ങൾക്ക് പരിഹാരം കാണാൻ കഴിയാത്ത സർക്കാരിന് ഈ വിഷയത്തിലെ പ്രതിപക്ഷ ഐക്യം കൂടുതൽ വെല്ലുവിളിയാകും.
മറ്റെല്ലാ വിഷയങ്ങളിൽ നിന്നും വ്യത്യസ്തമായി കേന്ദ്ര സർക്കാർ നിലവിൽ ഏറ്റവും പ്രതിസന്ധിയിലായിരിക്കുന്ന വിഷയമാണ് കർഷക രോഷം ചുരുക്കം ചില കർഷക സംഘടനകളുടെ സമരം അനുനയത്തിലൂടെ പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും പ്രധാന കർഷക സംഘടനകളെ തങ്ങളുടെ വരുതിയിലാക്കാൻ മോദി സർക്കാരിന് കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് കർഷക സമരം ഏറ്റെടുത്ത് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തുന്നത്. ഒട്ടുമിക്ക കർഷക സമരങ്ങൾ സംഘടിപ്പിക്കുന്നത് കോൺഗ്രസ് ഇതര പ്രതിപക്ഷ പാർട്ടികൾ ആണെങ്കിലും സർക്കാർ വിരുദ്ധ സമരങ്ങളുടെ യഥാർത്ഥ ഗുണഭോക്താവ് കോൺഗ്രസ് തന്നെയാണ്.
കോൺഗ്രസുമായി ഇപ്പോഴും അകൽച്ചയിൽ തുടരുന്ന സി.പി.എം, ആം ആദ്മി പാർട്ടി എന്നിവർ കർഷക വിഷയത്തിൽ കോൺഗ്രസുമായി ചേർന്ന് പോകുന്നു. ആദ്യമായി രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ എന്നിവർ ഒരേ വേദിയിൽ പങ്കെടുത്തത് ഈ സമരത്തിൽ തന്നെയാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 207 കർഷക സംഘടനകളാക്കാണ് ഇന്നലത്തെ മാർച്ചിൽ പങ്കെടുത്തത്.
രാഷ്ട്രീ സമ്മേളനത്തിൽ ശരത് പവാർ, ഫറൂഖ് അബ്ദുള്ള, ശരത് യാദവ്, സീതാറാം യെച്ചൂരി, അരവിന്ദ് കെജ്‍രിവാൾ തുടങ്ങിയ മുതിർന്ന നേതാക്കളും സംസാരിച്ചു. മാർച്ചിനൊടുവിൽ നേതാക്കൻമാർ കൈ കോർത്ത് പ്രതിപക്ഷ ഐക്യം വ്യക്തമാക്കുകയും ചെയ്തു.