കോണ്‍ഗ്രസിനെതിരെ വര്‍ഗീയപ്രചരണം; അമിത് ഷാക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി
മസ്ജിദുകള്‍ക്കും, ചര്‍ച്ചുകള്‍ക്കും സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്യുന്ന കോണ്‍ഗ്രസ്, ഹിന്ദു ക്ഷേത്രങ്ങളെ മനപ്പൂര്‍വം ഒഴിവാക്കിയെന്നുമാണ് അമിത് ഷാ പറഞ്ഞത്
തെലങ്കാനയിലെ കോണ്‍ഗ്രസ് പ്രകടനപത്രികയെ വളച്ചൊടിച്ച് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നതായി കാണിച്ച് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാക്കെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. പ്രകടനപത്രികയിലെ കാര്യങ്ങള്‍ വളചൊടിച്ച അമിത് ഷാ, കോണ്‍ഗ്രസ് ‘ന്യൂനപക്ഷ പ്രീണനം’ നടത്തുകയാണെന്നും, ഹിന്ദുക്കളെ അവഗണിച്ചുകൊണ്ടുള്ളതാണ് കോണ്‍ഗ്രസ് രാഷ്ട്രീയം എന്നും പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നാണ് കോണ്‍ഗ്രസ് പരാതിപ്പെട്ടിരിക്കുന്നത്.
തെലങ്കാനയിലെ ആമങ്കലില്‍ വെച്ച് നടന്ന തെരഞ്ഞെടുപ്പ് കാമ്പയിനിടെയാണ് അമിത് ഷാ കോണ്‍ഗ്രസിനെതിരെ വര്‍ഗീയ പ്രചരണം നടത്തിയത്. മസ്ജിദുകള്‍ക്കും, ചര്‍ച്ചുകള്‍ക്കും സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്യുന്ന കോണ്‍ഗ്രസ്, ഹിന്ദു ക്ഷേത്രങ്ങളെ മനപ്പൂര്‍വം ഒഴിവാക്കിയെന്നുമാണ് അമിത് ഷാ പറഞ്ഞത്. എന്നാല്‍ ഇത് വസ്തുതകള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടികാണിച്ച കോണ്‍ഗ്രസ്, ആരാധനാലയങ്ങള്‍ക്കെല്ലാം സൗജന്യ വൈദ്യുതിയാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിട്ടുള്ളതെന്നും, ഇതില്‍ പ്രത്യേകമായി ഒരു ആരാധനാലയത്തെയും തഴഞ്ഞിട്ടില്ലിന്നും വ്യക്തമാക്കി.
വര്‍ഗീയത വിതച്ച് വോട്ട് നേടാന്‍ ശ്രമിക്കുന്ന അമിത് ഷാക്കെതിരെ ഇലക്ഷന്‍ കമ്മീഷനില്‍ പരാതി നല്‍കിയതായി കോണ്‍ഗ്രസ് വക്താവ് കപില്‍ സിപല്‍ പറഞ്ഞു. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ത്ത് തെരഞ്ഞെടുപ്പിനായി വര്‍ഗീയത കുത്തിവെക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അമിത് ഷാക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും, കള്ളത്തരങ്ങള്‍ക്ക് അതീതമായി സ്വതന്ത്ര തെരഞ്ഞെടുപ്പിന് വേണ്ട നടപടികള്‍ കൈകൊള്ളണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഡിസംബര്‍ ഏഴിനാണ് 119 അംഗ തെലങ്കാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.