ബുലന്ദ്ശഹര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍റെ കുടുംബം യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി
അക്രമങ്ങളിലെ പ്രധാന പ്രതിയായ ബംജ്റംഗ്ദള്‍ നേതാവ് യോഗേഷ് രാജ് ഇനിയും അറസ്റ്റിലായിട്ടില്ല.
ബുലന്ദ്ശഹറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍റെ കുടുംബം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂട്ടിക്കാഴ്ച നടത്തി. കൊല്ലപ്പെട്ട സുബോധ്കുമാറിന്‍റെ ഭാര്യയും രണ്ട് മക്കളും സഹോദരിയുമാണ് നാടായ ഈട്ടയില്‍ നിന്ന് ലക്നൌവിലെ മുഖ്യമന്ത്രിയുടെ വസതിയിലെത്തി യോഗി ആദിത്യനാഥിനെ കണ്ടത്. എന്നാല്‍ അക്രമങ്ങളിലെ പ്രധാന പ്രതിയായ ബംജ്റംഗ്ദള്‍ നേതാവ് യോഗേഷ് രാജ് ഇനിയും അറസ്റ്റിലായിട്ടില്ല.
ബുലന്ദ്ശഹറിലെ ആള്‍ക്കൂട്ട അക്രമണങ്ങളില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ വിമര്‍ശനം ഇനിയും അടങ്ങിയിട്ടില്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയ യോഗി ആദിത്യനാഥ് പോലീസ് ഉദ്യോഗസ്ഥന്‍റെ കൊലപാതകം പരാമര്‍ശിക്കാതെ ഗോവധം നടന്നിട്ടുണ്ടെങ്കില്‍ കര്‍ശനനടപടിയെടുക്കണമെന്ന നിര്‍ദേശമാണ് നല്‍കിയത്. ഇതിന് പിന്നാലെയായിരുന്നു ഇന്നത്തെ കുടുബവുമായുള്ള കൂടിക്കാഴ്ച. ഈട്ടയില്‍ നിന്ന് ലക്നൌവിലെ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയാണ് കുടുംബം യോഗിയെ കണ്ടത്. സുബോധ്കുമാറിന്‍റെ കൊലപാതകത്തില്‍ പ്രതികളായവരെ അറസ്റ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി പോലീസ് മേധാവി ഒ.പി സിങും കുടുംബവും പറഞ്ഞു.
എന്നാല്‍ അക്രമങ്ങളില്‍ പ്രധാന പ്രതിയായ ബംജ്റംഗ്ദള്‍ നേതാവ് യോഗേഷ് രാജ് ഇന്നലെ പുറത്ത് വിട്ട വീഡിയോയില്‍ താന്‍ നിരപരാധിയാണെന്ന് വ്യക്തമാക്കി. ആദ്യം ഗോവധം നടക്കുന്നത് താന്‍ കണ്ടുവെന്ന് പോലീസിന് മൊഴി നല്‍കിയ യോഗേഷ് രാജ് വീഡിയോയിയില്‍ അത് തിരുത്തിയിട്ടുണ്ട്. പോലീസുകാരോടൊപ്പമാണ് താന്‍ പശുക്കളുടെ അവശിഷ്ടം കണ്ട സ്ഥലത്ത് എത്തിയതെന്നാണ് യോഗേഷ് രാജ് ഇപ്പോള്‍ പറയുന്നത്. ഇതിനിടെ അക്രമം നടന്ന സ്ഥലത്തിന് തൊട്ടടുത്ത പ്രാഥമിക വിദ്യാലയത്തില്‍ കുട്ടികള്‍ക്ക് ഉച്ച ഭക്ഷണം നേരത്തെ നല്‍കിയ ശേഷം ക്ലാസ് അവസാനിപ്പിച്ചതും ദുരൂഹതയായി മാറിയിരിക്കുകയാണ്.