ബുലന്ദ്ശഹറിലുണ്ടായത് വെറും അപകടം; ആള്‍ക്കൂട്ട ആക്രമണം നടന്നിട്ടില്ലെന്ന് യോഗി ആദിത്യനാഥ്

ബുലന്ദ്ശഹറിലെ പൊലീസുകാരന്‍റെ കൊലപാതകം നിസ്സാരവത്കരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

Update: 2018-12-07 11:04 GMT

ബുലന്ദ്ശഹറിലെ പൊലീസുകാരന്‍റെ കൊലപാതകം നിസ്സാരവത്കരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബുലന്ദ്ശഹറില്‍ നടന്നത് വെറും അപകടം മാത്രമാണ്. ആള്‍ക്കൂട്ട ആക്രമണം അവിടെ നടന്നിട്ടില്ലെന്നും യോഗി ആദിത്യനാഥ് പറ‍ഞ്ഞു. ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു യോഗിയുടെ പരാമര്‍ശം.

സംസ്ഥാനത്തെ ഒരു പൊലീസുകാരന്‍ അക്രമത്തില്‍ കൊല്ലപ്പെട്ടിട്ടും പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നതിനിടെയാണ് പുതിയ പരാമര്‍ശം. നേരത്തെ അക്രമത്തിന്‍റെ പശ്ചാത്തലത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചപ്പോഴും ഗോവധത്തില്‍ നടപടിയെടുക്കണം എന്നാണ് യോഗി ആവശ്യപ്പെട്ടത്. കൊല്ലപ്പെട്ട പൊലീസുകാരനെ കുറിച്ച് യോഗി ഒരക്ഷരം മിണ്ടിയതുമില്ല.

Advertising
Advertising

തിങ്കളാഴ്ചയാണ് ബുലന്ദ്ശഹറില്‍ ഗോവധമെന്ന് ആരോപിച്ച് നടന്ന അക്രമം തടയുന്നതിനിടെ പൊലീസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ കൊല്ലപ്പെട്ടത്. ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു. അക്രമം സംഘപരിവാര്‍ സംഘടനകള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നത് സംബന്ധിച്ച തെളിവുകള്‍ പുറത്തുവരുന്നതിനിടെയാണ് ബുലന്ദ്ശഹറില്‍ നടന്നത് വെറും ആകസ്മിക സംഭവമാണെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നത്.

ബുലന്ദ്ശഹറിലെ അക്രമവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയായ ബജ്‍രംഗദള്‍ നേതാവ് യോഗേഷിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ സുബോധ് കുമാറിനെ കൊലപ്പെടുത്തിയത് സൈനികനാണെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ജിത്തു ഫൌജിയെന്ന ജവാനാണ് സുബോധ് കുമാറിനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് സൂചന. വിഡിയോ ദൃശ്യങ്ങളിലും സൈനികന്‍റെ സാന്നിധ്യമുണ്ട്.

Tags:    

Similar News