മോദിയുടെ ഇന്ത്യയില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്ക് നിഗൂഢ ശക്തി; ജാഗ്രത പാലിക്കണമെന്ന് രാഹുല്‍
വോട്ടിങ് യന്ത്രങ്ങള്‍ കൊണ്ടുവന്ന വാഹനം രണ്ട് ദിവസം കാണാതായതും വോട്ടിങ് യന്ത്രങ്ങളില്‍ ചിലത് ബി.ജെ.പി എം.എല്‍.എ താമസിച്ച ഹോട്ടലില്‍ കണ്ടെത്തിയതും ചൂണ്ടിക്കാട്ടിയാണ് രാഹുലിന്‍റെ പരിഹാസം
തെലങ്കാനയിലും രാജസ്ഥാനിലും വോട്ടെടുപ്പ് ഇന്ന് കഴിയുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാഹുല്‍ ഗാന്ധി. വോട്ടിങ് യന്ത്രങ്ങള്‍ കൊണ്ടുവന്ന വാഹനം രണ്ട് ദിവസമാണ് കാണാതായത്. വോട്ടിങ് യന്ത്രങ്ങളില്‍ ചിലത് ഹോട്ടലുകളില്‍ കണ്ടെത്തി. മോദിയുടെ ഇന്ത്യയില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്ക് നിഗൂഢ ശക്തിയുണ്ടെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.
"മധ്യപ്രദേശില്‍ വോട്ടെടുപ്പിന് ശേഷം ഇ.വി.എം വിചിത്രമായി പെരുമാറി. ബസ് മോഷ്ടിച്ച് രണ്ട് ദിവസത്തേക്ക് അപ്രത്യക്ഷമായി! വേറെ ചില ഇ.വി.എമ്മുകളെ ഹോട്ടലിലാണ് കണ്ടെത്തിയത്. മോദിയുടെ ഇന്ത്യയില്‍ വോട്ടിങ് മെഷീനുകള്‍ക്ക് നിഗൂഢശക്തിയുണ്ട്", രാഹുല്‍ ട്വീറ്റ് ചെയ്തു.
മധ്യപ്രദേശില്‍ വോട്ടെടുപ്പിന് ശേഷം വോട്ടിങ് മെഷീനുകള്‍ രണ്ട് ദിവസം കഴിഞ്ഞ് സ്ട്രോങ് റൂമിലെത്തിയ സംഭവമാണ് രാഹുല്‍ ആദ്യം പരാമര്‍ശിച്ചത്. അതുപോലെ ഇ.വി.എമ്മുകള്‍ ബി.ജെ.പി എം.എല്‍.എ താമസിക്കുന്ന ഹോട്ടലിലെത്തിച്ചെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഈ സംഭവമാണ് രാഹുല്‍ രണ്ടാമതായി ചൂണ്ടിക്കാട്ടിയത്.