തെരഞ്ഞെടുപ്പിലെ തിരിച്ചടി; കേന്ദ്രമന്ത്രി രാജ്നാഥ് സിങിന്‍റെ പ്രതികരണം ഇങ്ങനെ...
അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പേരില്‍ മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവരുമ്പോള്‍ കനത്ത തിരിച്ചടി നേരിട്ട ബി.ജെ.പിയെ ന്യായീകരിച്ച് കേന്ദ്രമന്ത്രിയും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ രാജ്നാഥ് സിങ്. സംസ്ഥാന സര്‍ക്കാരുകളുടെ വിലയിരുത്തലാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരിക്കുന്നതെന്ന് രാജ്നാഥ് പറഞ്ഞു. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പേരില്‍ മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പി സര്‍ക്കാരിന്‍റെ വീഴ്ചകളാണ് തിരിച്ചടിക്ക് കാരണമെന്ന് സമ്മതിക്കുന്നതാണ് രാജ്നാഥിന്‍റെ പ്രതികരണം. ഒപ്പം മോദി തരംഗത്തിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന ദുര്‍ബലമായ ന്യായീകരണവും. മോദി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളല്ല തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെലങ്കാനയില്‍ കോണ്‍ഗ്രസ് വിശാല സഖ്യത്തിനേറ്റ 'തോല്‍വി'യും രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി. ഇവിടെ ടി.ആര്‍.എസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി അധികാരം പിടിച്ചപ്പോള്‍ കോണ്‍ഗ്രസിനും സഖ്യ കക്ഷിക്കും വലിയ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നും രാജ്നാഥ് പറഞ്ഞു. ഇതേസമയം, തെരഞ്ഞെടുപ്പില്‍ വിജയിച്ച പാര്‍ട്ടികളെയും സ്ഥാനാര്‍ഥികളെയും അദ്ദേഹം അഭിനന്ദിച്ചു.