കോണ്‍ഗ്രസിന്‍റെ കൈ പിടിക്കാതെ മിസോറാം
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സ്വാധീനത്തിനേറ്റ തിരിച്ചടികൂടിയാണ് തെരഞ്ഞെടുപ്പ് ഫലം.
ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായിരിക്കുകയാണ് മിസോറാമിലെ തെരഞ്ഞെടുപ്പ് ഫലം. 40 സീറ്റില്‍ കഴിഞ്ഞ തവണ 34 സീറ്റ് നേടിയ കോണ്‍ഗ്രസിന് ഇത്തവണ ലഭിച്ചത് വെറും ആറ് സീറ്റ് മാത്രം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സ്വാധീനത്തിനേറ്റ തിരിച്ചടികൂടിയാണ് തെരഞ്ഞെടുപ്പ് ഫലം.
പത്തുവര്‍ഷം മിസോറാം ഭരിച്ച കോണ്‍ഗ്രസിന് ശക്തമായ തിരിച്ചടി നല്‍കിയാണ് മിസോ നാഷണല്‍ ഫ്രണ്ടിന്‍റെ തിരിച്ചുവരവ്. 2013 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 40 സീറ്റില്‍ 34 സീറ്റ് നേടിയ കോണ്‍ഗ്രസിന് ഇത്തവണ ലഭിച്ചത് ആറ് സീറ്റ് മാത്രമാണ്. പത്തുവര്‍ഷം മുമ്പ് അധികാരം നഷ്ടപ്പെട്ട എം.എന്‍.എഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായാണ് തിരിച്ച് വന്നത്. സൌത്ത്ചാംപ്യ മണ്ഡലത്തില്‍ മത്സരിച്ച മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്‌ല പരാജയപ്പെട്ടത് ഭരണ വിരുദ്ധ വികാരം വ്യക്തമാക്കുന്നതാണ്.
മിസോറാമില്‍ ദുര്‍ബലമായിരുന്ന ബി.ജെ.പിക്ക് ഒരു സീറ്റ് ലഭിച്ചു. സംസ്ഥാനത്തെ തൊഴിലില്ലായ്മയും വികസന പ്രശ്നങ്ങളുമായിരുന്നു ഇത്തവണ തെരഞ്ഞെടുപ്പില്‍ മുഖ്യചര്‍ച്ചാ വിഷയമായി എം.എന്‍.എഫ് ഉയര്‍ത്തിക്കാട്ടിയത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ പിടിച്ചെടുക്കുന്നതിനായി ബി.ജെ.പി രൂപം നല്‍കിയ നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സില്‍ ഉള്‍പ്പെട്ടതാണ് എം.എന്‍.എഫ്. എന്നാല്‍ ബി.ജെ.പിയുമായി എം.എന്‍.എഫ് തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയിട്ടില്ല.