രാജസ്ഥാനിലും മധ്യപ്രദേശിലും മുഖ്യമന്ത്രിയാരെന്ന് ഇന്നറിയാം
രാജസ്ഥാനില്‍ മുതിര്‍ന്ന നേതാവ് അശോക് ഗലോട്ടിനും പി.സി.സി. അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിനും സാധ്യത, മധ്യപ്രദേശില്‍ പി.സി.സി അധ്യക്ഷന്‍ കമല്‍ നാഥിനാണ് മുന്‍തൂക്കം
രാജസ്ഥാനിലും മധ്യപ്രദേശിലും മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്‍റ് തീരുമാനം ഇന്നുണ്ടായേക്കും. രാജസ്ഥാനില്‍ മുതിര്‍ന്ന നേതാവ് അശോക് ഗലോട്ടോ പി.സി.സി. അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റോ എന്ന കാര്യത്തില്‍ തര്‍ക്കം ശക്തമാണ്. മധ്യപ്രദേശില്‍ പി.സി.സി അധ്യക്ഷന്‍ കമല്‍ നാഥിനാണ് സാധ്യത.
രാജസ്ഥാനില്‍ നിരീക്ഷണ ചുമതലയുണ്ടായിരുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി വേണുഗോപാലും അവിനാഷ് പാണ്ഡെയും ഇന്നലത്തെ നിയമസഭാ കക്ഷി യോഗത്തിന് ശേഷം ഡല്‍ഹിയില്‍ തിരിച്ചെത്തി. രാവിലെ പത്ത് മണിയോടെ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഇരുവരും ചര്‍ച്ച നടത്തും. അതിന് ശേഷമാകും അന്തിമ തീരുമാനം.
സംസ്ഥാനത്ത് 99 നിയുക്ത കോണ്‍ഗ്രസ്സ് എം.എല്‍.എമാരില്‍ നിന്ന് നിരീക്ഷകര്‍ വഴിയും നേരിട്ട്ഫോണില്‍ ബന്ധപ്പെട്ടും രാഹുല്‍ ഗാന്ധി ആഭിപ്രായം ശേഖരിച്ചു. പകുതിയിലധികം എം.എല്‍.എമാര്‍ അശോക് ഘലോട്ടിനെ പിന്തുണക്കുന്നുവെന്നാണ് സൂചന. പ്രവര്‍ത്തകര്‍ക്കിടയില്‍ സച്ചിന്‍ പൈലറ്റ് മുഖമന്ത്രി ആകണമെന്ന ആവശ്യം ശക്തം. സംസ്ഥാനത്തെ ജാതി സമവാക്യവും ഗുജ്ജര്‍ വിഭാഗക്കാരനായ സച്ചിന് അനുകൂലം.
മധ്യപ്രദേശില്‍ ഇന്നലെ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും കമല്‍നാഥിനെ പിന്തുണച്ചെങ്കിലും അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിക്ക് വിടുകയായിരുന്നു. സംസ്ഥാനത്ത് നിരീക്ഷണചുമതലയുണ്ടായിരുന്ന ഏ.കെ ആന്‍റണി യോഗത്തിലെ വികാരം രാഹുലിനെ അറിയിക്കും. കമല്‍ നാഥിനെയും ജോധി രാദിത്യ സിന്ധയെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുമുണ്ട്.