ഭൂപേഷ് ബഘേല്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി
ബഘേലിന്റെ സത്യപ്രതിജ്ഞ നാളെ നടക്കും. മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത് ഏകകണ്ഠമായാണെന്ന് പാര്‍ട്ടി നിരീക്ഷകനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
ഛത്തീസ്ഗഡില്‍ മുതിര്‍ന്ന നേതാവും സംസ്ഥാന പി.സി.സി അധ്യക്ഷനുമായ ഭൂപേഷ് ബഘേലിനെ മുഖ്യമന്ത്രി ആയി തെരെഞ്ഞെടുത്തു. റായ്പൂരില്‍ ഇന്ന് ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. നാളെയാണ് സത്യപ്രതിജ്ഞ.
അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും ആധികാരിക വിജയം നേടിയ ഛത്തീസഗഢില്‍ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ നാല് ദിവസം ചര്‍ച്ച നീണ്ടു. ഒടുവില്‍ മുതിര്‍ന്ന നേതാക്കളായ ടി.എസ് സിംഗ് ദിയോ, തമരദ്വാജ് സാഹു, ചരണ്‍ദാസ് മഹന്ത് തുടങ്ങിയവരെ ഒഴിവാക്കി, സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ഭൂഭേഷ് ബഘേലിന് എം.എല്‍.എമാര്‍ പച്ചക്കൊടി കാട്ടി. തീരുമാനം ഏക കണ്ഠേനയാണെന്ന് ഹൈക്കമാന്‍റ് നിരീക്ഷകനായ മല്ലികാര്‍ജുന്‍ ഖാര്‍കെ അവകാശപ്പെട്ടു.
സംസ്ഥാനത്ത് മാവോയിസ്റ്റ് സ്വാധീനമേഖലകളില്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് നടപടികള്‍ ശക്തമാക്കുമെന്നായിരുന്നു നിയുക്ത മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം. രായ്പൂരിലെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലുമായി ബഗേല്‍ കൂടിക്കാഴ്ച നടത്തി. നാളെ മുഖ്യമന്ത്രി മാത്രമാണ് സത്യപ്രതിജ്ഞ ചെയ്യുക. 2014ല്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റടുത്ത ഭുപേഷ് ബഘേലാണ് ഇത്തവണ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. സ്വന്തം തട്ടകമായ മധ്യ ഛത്തീസ്ഗഡില്‍ നിന്ന് വലിയ വിജയം സമ്മാനിക്കാനായതും ഭുപേഷിന് ഗുണം ചെയ്തു.