റഫാല്‍: ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ട് ഇരു സഭകളിലും പ്രതിപക്ഷ ബഹളം

പ്രധാനമന്ത്രിക്കും അറ്റോര്‍ണി ജനറലിനുമെതിരായ അവകാശ ലംഘന നോട്ടീസ് പരിഗണനയിലാണെന്ന് ലോക്സഭയില്‍ സ്പീക്കര്‍ വ്യക്തമാക്കി

Update: 2018-12-17 13:41 GMT

റഫാല്‍ വിഷയത്തില്‍ ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും പ്രതിപക്ഷ ബഹളം. പ്രധാനമന്ത്രിക്കും അറ്റോര്‍ണി ജനറലിനുമെതിരായ അവകാശ ലംഘന നോട്ടീസ് പരിഗണനയിലാണെന്ന് ലോക്സഭയില്‍ സ്പീക്കര്‍ വ്യക്തമാക്കി. റഫാലില്‍ കള്ളം പറഞ്ഞെന്നാരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പിയും അവകാശ ലംഘന നോട്ടീസ് നല്‍കി.

റഫാല്‍ വിമാന ഇടപാടില്‍ സി.എ.ജി റിപ്പോര്‍ട്ട് പാര്‍ലമെന്‍റ് പബ്ലിക് അക്കൌണ്ട്സ് കമ്മറ്റി പരിശോധിച്ചെന്ന സുപ്രീംകോടതി വിധിയിലെ പരാമര്‍ശം തെറ്റാണെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ച സാഹചര്യത്തിലാണ് ഇരു സഭകളിലും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയത്. വിഷയം സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്ന് രാജ്യസഭ നടപടികള്‍ തുടങ്ങിയപ്പോള്‍ ആവശ്യപ്പെട്ടു. ബഹളം ശക്തമായതോടെ രണ്ട് മിനിറ്റ് പോലും നടപടികള്‍ നീണ്ടില്ല. സഭ ഇന്നത്തേക്ക് പിരിയുന്നതായി ചെയര്‍ അറിയിച്ചു. ഇതേ ആവശ്യത്തിലെ പ്രതിപക്ഷ ബഹളത്തില്‍ ലോക്സഭ മൂന്ന് തവണ തടസ്സപ്പെട്ടു. നാലാം തവണയും ബഹളം തുടര്‍ന്നതോടെ ഇന്നത്തേക്ക് പിരിഞ്ഞു.

അതിനിടെ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും ഭാഷാപ്രയോഗം കോടതി തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ മുംബൈയില്‍ വിശദീകരിച്ചു. പ്രധാനമന്ത്രിയെ കുറിച്ച് കള്ളം പറഞ്ഞ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി അംഗങ്ങളും ലോക്സഭയില്‍ ബഹളം വെച്ചിരുന്നു. പിന്നീട് ഇതേ വിഷയത്തില്‍ പാര്‍ട്ടി എം.പി അനുരാഗ് താക്കുര്‍ രാഹുലിനെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കി.

Tags:    

Similar News