സജ്ജന്‍ കുമാര്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി അംഗത്വം രാജിവെച്ചു
അതിനിടെ, തന്‍റെ സര്‍ക്കാരിന്‍റെ ഇടപെടല്‍ കാരണമാണ് സജ്ജന്‍ കുമാര്‍ ശിക്ഷിക്കപ്പെട്ടതെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു
സിഖ് വിരുദ്ധ കലാപക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ സജ്ജന്‍ കുമാര്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി അംഗത്വം രാജിവെച്ചു. രാജിക്കത്ത് രാഹുല്‍ ഗാന്ധിക്ക് കൈമാറി. അതിനിടെ സജ്ജന്‍ കുമാറിനെതിരായ വിധി സര്‍ക്കാരിന്‍റെ നേട്ടമാണെന്നവകാശപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. ഇതുപോലെ ഗുജറാത്ത്, മുസഫര്‍ നഗര്‍ വംശഹത്യകളുടെ ആസൂത്രകരും ശിക്ഷിക്കപ്പെടണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു
ഹൈക്കോടതി വിധിയുടെ പശ്ചാതലത്തില്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നു എന്ന് മാത്രമാണ് സജ്ജന്‍ കുമാര്‍ രാഹുല്‍ ഗാന്ധിക്കയച്ച കത്തില്‍ പറയുന്നത്. പ്രതിച്ഛായ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ്സ് സജ്ജനോട് രാജി ആവശ്യപ്പെടുകായിരുന്നു എന്നും സൂചനയുണ്ട്. ഹൈക്കോടതി വിധിയെപ്പറ്റി ഇന്ന് മാധ്യപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും സജ്ജന്‍ കുമാര്‍ പ്രതികരിച്ചില്ല.
അതിനിടെ, തന്‍റെ സര്‍ക്കാരിന്‍റെ ഇടപെടല്‍ കാരണമാണ് സജ്ജന്‍ കുമാര്‍ ശിക്ഷിക്കപ്പെട്ടതെന്ന് ഇന്ന് പ്രധാന മന്ത്രിയും അവകാശപ്പെട്ടു. സിഖ് വിരുദ്ധ കലാപത്തില്‍ ഒരു കോണ്‍ഗ്രസ്സകാരന്‍ ശിക്ഷിക്കപ്പെടുമെന്ന് നാല് വര്‍ഷം മുമ്പുവരെ ആലോചിക്കാന്‍ കഴിയുമായിരുന്നോ എന്ന് മുബൈയില്‍ മോദി ചോദിച്ചു. എന്നാല്‍ ഈ കേസിന് സമാനമായി ഗുജറാത്ത് വംശഹത്യയുടെയും മുസഫര്‍ നഗര്‍ കലാപത്തിന്‍റെയും ആസൂത്രകരും ശിക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവള്‍ പറഞ്ഞു. സജ്ജന്‍ കുമാര്‍ ഈമാസം 31നുള്ളില്‍ കീഴടങ്ങണമെന്നാണ് കോടതി നിര്‍ദ്ദേശം.