ബീഹാറില്‍ എന്‍.ഡി.എയുടെ ലോക്സഭ സീറ്റ് വിഭജനം പൂര്‍ത്തിയായി
ബീഹാറില്‍ എന്‍.ഡി.എയുടെ ലോക്സഭ സീറ്റ് വിഭജനം പൂര്‍ത്തിയായി. ആകെയുള്ള 40 ലോക്‌സഭ സീറ്റുകളില്‍ ബി.ജെ.പിയും ജെ.ഡി.യുവും 17 വീതം സീറ്റുകളില്‍ മത്സരിക്കും. എല്‍.ജെ.പിക്ക് ലഭിച്ചത് ആറ് സീറ്റുകളാണ്. ഇതിന് പുറമെ എല്‍.ജെ.പി അധ്യക്ഷന്‍ രാം വിലാസ് പാസ്വാനെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി രാജ്യസഭയിലേക്ക് മത്സരിപ്പിക്കാനും തീരുമാനമായി.
ഡല്‍ഹിയില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ വസതിയില്‍ നടന്ന അവസാനവട്ട ചര്‍ച്ചയിലാണ് സീറ്റ് വിഭജനത്തില്‍ ധാരണയായത്. അമിത് ഷാ, ജെ.ഡി.യു അധ്യക്ഷനും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍, എല്‍.ജെ.പി അധ്യക്ഷന്‍ രാംവിലാസ് പാസ്വാന്‍, മകന്‍ ചിരാഗ് പാസ്വാന്‍ എന്നിവരുടെ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തു. സീറ്റ് വിഭജനത്തില്‍ പൂര്‍ണ സംതൃപ്തിയെന്നും എന്‍.ഡി.എ മികച്ച വിജയം നേടുമെന്നും നേതാക്കള്‍ പറഞ്ഞു.
ഉപേന്ദ്ര കുശ്വാഹയുടെ ആര്‍.എല്‍.എസ്.പി എന്‍.ഡി.എ വിടുകയും ജെ.ഡി.യു സഖ്യത്തിലേക്ക് മടങ്ങിവരുകയും ചെയ്തതോടെയാണ് സീറ്റ് വിഭജനത്തിന് കൂടുതല്‍ ചര്‍ച്ച വേണ്ടിവന്നത്. ഇടഞ്ഞുനിന്ന രാംവിലാസ് പാസ്വാനും സഖ്യം വിട്ടേക്കുമെന്ന സൂചന നല്‍കിയതോടെ ബി.ജെ.പി വഴങ്ങുകയായിരുന്നു. പാസ്വാന് ദലിതുകള്‍ക്കിടയിലെ സ്വാധീനമാണ് ബി.ജെ.പി പരിഗണിച്ചത്. 2014ല്‍ 22 സീറ്റുകളില്‍ ബി.ജെ.പിയും എല്‍.ജെ.പി ആറിലും ആര്‍.എല്‍.എസ്.പി മൂന്ന് സീറ്റിലും വിജയിച്ചിരുന്നു. കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, ആര്‍.എല്‍.എസ്.പി, ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച എന്നിവരുള്‍പ്പെട്ട മഹാസഖ്യമാണ് മറുവശത്ത്.