സോഷ്യല്‍ മീഡിയയും നിരീക്ഷിക്കാന്‍ കേന്ദ്രനീക്കം
സോഷ്യല്‍ മീഡിയ വഴിയുള്ള ആശയവിനിമയങ്ങള്‍ പരിശോധിക്കാന്‍ അധികാരം നല്‍കുന്ന തരത്തില്‍ ഐ.ടി നിയമത്തിലെ ചട്ടങ്ങള്‍ പരിഷ്കരിക്കുന്നു
സോഷ്യല്‍ മീഡിയയും വെബ്‍സൈറ്റുകളും നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. സോഷ്യല്‍ മീഡിയ വഴിയുള്ള ആശയവിനിമയങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന തരത്തില്‍ ഐ.ടി നിയമത്തിലെ ചട്ടങ്ങള്‍ പരിഷ്കരിക്കുന്നു. രാജ്യസുരക്ഷക്കും ഭീകരവാദവും കുറ്റകൃത്യങ്ങളും തടയുന്നതിനും വേണ്ടിയാണ് നീക്കമെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു.
രാജ്യസുരക്ഷയെ ബാധിക്കുന്നതും കുറ്റകൃത്യങ്ങള്‍ക്ക് പ്രേരകമാവുന്നതും അസഭ്യം നിറഞ്ഞതുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് സോഷ്യല്‍ മീഡിയയും വെബ്‍സൈറ്റുകളും വ്യാപകമായി ദുരുപയോഗം ചെയ്യുന്നു. തീവ്രവാദ റിക്രൂട്മെന്റിന് സോഷ്യല്‍ മീഡിയ ഉപയോഗിക്കപ്പെടുന്നു. വ്യാജ വാര്‍ത്തകള്‍ ആള്‍ക്കൂട്ട അതിക്രമങ്ങള്‍ക്കും കലാപങ്ങള്‍ക്കുമിടയാക്കുന്നു. ഇത് നിയന്ത്രിക്കുന്നതിനാണ് ഭേദഗതിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സോഷ്യല്‍ മീഡിയ വഴിയുള്ള ആശയവിനിമയങ്ങള്‍ നിരീക്ഷിക്കുന്നതിലൂടെ വ്യാജ വാര്‍ത്തകളുടെയും തീവ്രവാദ സന്ദേശങ്ങളുടെയും ഉറവിടം കണ്ടെത്താനാകും. ഇത് സംബന്ധിച്ച് രാജ്യസഭയില്‍ വന്ന ശ്രദ്ധ ക്ഷണിക്കലില്‍ സോഷ്യല്‍ മീഡിയയെ നിയമത്തിന് കീഴില്‍ കൊണ്ടുവരുന്ന തരത്തില്‍ നിയമനിര്‍മാണം വേണമെന്ന ആവശ്യമുയര്‍ന്നിരുന്നുവെന്നും ഐ.ടി വകുപ്പ് വ്യക്തമാക്കുന്നു.
വിവര സാങ്കേതിക നിയമം 2000ന്റെ ചട്ടങ്ങളാണ് ഭേദഗതി ചെയ്യുന്നത്. ഭേദഗതിയുടെ കരടിന്മേല്‍ ഐ.ടി വകുപ്പ് വിവിധ മന്ത്രാലയങ്ങളുടെ അഭിപ്രായം തേടി. ഫേസ് ബുക്ക്, ട്വിറ്റര്‍, വാട്സാപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെയും ഇന്റര്‍നെറ്റ്-മൊബൈല്‍ സേവന ദാതാക്കളുടെയും അഭിപ്രായം തേടും. 2019 ജനുവരി 15ന് മുന്‍പ് അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം. രാജ്യത്തെ മുഴുവന്‍ കമ്പ്യൂട്ടറുകളും നിരീക്ഷിക്കാന്‍ സി.ബി.ഐ, ഐ.ബി, എന്‍.ഐ.എ ഉള്‍പ്പെടെ 10 ഏജന്‍സികള്‍ക്ക് നിരുപാധിക അനുമതി നല്‍കിയ വിവാദ ഉത്തരവിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളെയും നിരീക്ഷണവലയത്തിലാക്കാനുള്ള കേന്ദ്ര നീക്കം.