കെജ്‌രിവാളിന്റെ പ്രസംഗത്തിനിടെ കൂട്ടമായി ചുമച്ച് ബി.ജെ.പി പ്രവര്‍ത്തകരുടെ പരിഹാസം; തുടര്‍ന്ന് ഗഡ്ഗരി ചെയ്തത്...
40 വര്‍ഷത്തോളമായി നിരന്തരമായ ചുമ മൂലം ചികിത്സയിലുള്ള ആളാണ് കെജ്‍രിവാള്‍. 2016ല്‍ സര്‍ജറിക്ക് വിധേയനാവുകയും ചെയ്തിരുന്നു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രസംഗിക്കവെ കൂട്ടമായി ചുമച്ച് ബി.ജെ.പി പ്രവര്‍ത്തകരുടെ പരിഹാസം. ക്ലീന്‍ യമുന പദ്ധതിക്ക് തുടക്കമിട്ട് ഡല്‍ഹി ജല ബോര്‍ഡും ക്ലീന്‍ ഗംഗ നാഷണല്‍ മിഷനും ചേര്‍ന്ന് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം.
40 വര്‍ഷത്തോളമായി നിരന്തരമായ ചുമ മൂലം ചികിത്സയിലുള്ള ആളാണ് കെജ്‍രിവാള്‍. 2016ല്‍ സര്‍ജറിക്ക് വിധേയനാവുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കെജ്‌രിവാളിന്റെ പ്രസംഗത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ സദസ്സിലിരുന്ന് ചുമച്ചത്. നിശ്ശബ്ദത പാലിക്കണമെന്ന് കെജ്‍രിവാള്‍ ആവശ്യപ്പെട്ടെങ്കിലും ബി.ജെ.പി പ്രവര്‍ത്തകര്‍ ഗൌനിച്ചില്ല.
ഇതോടെ വേദിയിലുണ്ടായിരുന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി ഇടപെട്ടു. പ്രവര്‍ത്തകരോട് ശാന്തമായിരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ''ശബ്ദമുണ്ടാക്കാതിരിക്കൂ. ഇതൊരു ഔദ്യോഗിക പരിപാടിയാണ്.'' ഗഡ്ഗരി പറഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ശാന്തത പാലിക്കുകയായിരുന്നു.