55 മാസം 92 രാജ്യങ്ങള്‍, മോദി യാത്രക്ക് ചിലവിട്ടത് 2021 കോടി
കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് രണ്ട് രാഷ്ട്രങ്ങള്‍ കൂടി സന്ദര്‍ശിച്ചാല്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച രണ്ടാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി മാറും.
നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായിട്ട് നാല് വര്‍ഷവും ഏഴ് മാസവും പൂര്‍ത്തിയായിരിക്കുന്നു. ഇക്കാലയളവില്‍ അദ്ദേഹം നടത്തിയ വിദേശ യാത്രകള്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും കാരണമായിട്ടുണ്ട്. ഇപ്പോഴിതാ മോദിയുടെ വിദേശ യാത്രകളുടെ യാത്രാചിലവ് അടക്കമുള്ള വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുന്നു. കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് രണ്ട് രാഷ്ട്രങ്ങള്‍ കൂടി സന്ദര്‍ശിച്ചാല്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച രണ്ടാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി മാറും.
113 രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച ഇന്ദിരാഗാന്ധിയാണ് കൂടുതല്‍ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി. നിലവില്‍ 92 രാഷ്ട്രങ്ങളാണ് നരേന്ദ്ര മോദി സന്ദര്‍ശിച്ചിട്ടുള്ളത്. പലതും ഒരേ രാജ്യങ്ങളിലേക്ക് ആവര്‍ത്തിച്ചുള്ള സന്ദര്‍ശനങ്ങളായതിനാല്‍ അത് കൂട്ടിയിട്ടില്ല. പത്ത് വര്‍ഷത്തെ ഭരണത്തിനിടെ 93 രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച മന്‍മോഹന്‍സിംങാണ് മോദിക്ക് തൊട്ട് മുന്നിലുള്ളത്. ഇന്ദിരാഗാന്ധി 113 രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചത് 15 വര്‍ഷത്തെ ഭരണകാലത്താണെങ്കില്‍ മോദി 92 രാജ്യങ്ങളിലെത്തിയത് നാല് വര്‍ഷവും ഏഴ് മാസവും കൊണ്ടാണ്.
വിദേശകാര്യമന്ത്രി വി.കെ സിംങാണ് 2009 മുതല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാരുടെ വിദേശയാത്രയുടെ ചിലവിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. നരേന്ദ്രമോദി ഇതുവരെ വിദേശയാത്രകള്‍ക്കായി 2021 കോടി രൂപയാണ് ചിലവാക്കിയിട്ടുള്ളത്. വിമാനങ്ങളുടെയും ചാര്‍ട്ടഡ് വിമാനങ്ങളുടേയും ചിലവും പ്രത്യേക വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ ചിലവും മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഹോട്ടല്‍ ചിലവും ഉദ്യോഗസ്ഥസംഘത്തിന്റെ ചിലവും കണക്കാക്കാതെയാണിത്.
രാജ്യസഭയില്‍ വെച്ച കണക്കുകള്‍ പ്രകാരം ഫ്രാന്‍സ്, ജര്‍മ്മനി, കാനഡ എന്നിവിടങ്ങളിലേക്ക് 2015 ഏപ്രില്‍ ഒമ്പത് മുതല്‍ 17 വരെ നടത്തിയ ഒമ്പത്ദിന യാത്രയാണ് ഏറ്റവും ചിലവേറിയത്, 31.25 കോടി രൂപ. മ്യാന്മര്‍, ഫിജി, ആസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് 2014 നവംബര്‍ 11-20 വരെ നടത്തിയ യാത്രക്ക് മാത്രം 22.58 കോടി ചിലവിട്ടു. 2015-16 വര്‍ഷത്തിലാണ് മോദി ഏറ്റവും കൂടുതല്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചത്, 24 എണ്ണം. 2016-17ലും 2018-19ലും മോദി 18 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 2017-18ല്‍ അദ്ദേഹം 19 രാഷ്ട്രങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. പ്രധാനമന്ത്രിയായി ചുമതലയേറ്റ വര്‍ഷം 13 രാഷ്ട്രങ്ങളില്‍ മാത്രമായിരുന്നു മോദി സന്ദര്‍ശിച്ചത്.
പത്ത് രാഷ്ട്രങ്ങളില്‍ രണ്ട് തവണ സന്ദര്‍ശിച്ച മോദി ഫ്രാന്‍സിലും ജപ്പാനിലും മൂന്ന് തവണ പോയി. ജര്‍മ്മനി, നേപ്പാള്‍, റഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നാല് തവണയാണ് മോദി സന്ദര്‍ശിച്ചത്. അമേരിക്കയിലും ചൈനയിലുമാണ് ഏറ്റവും കൂടുതല്‍ തവണ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്. 5 തവണ.
1947 മുതല്‍ 1962 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രു ആകെ 68 രാജ്യങ്ങളാണ് സന്ദര്‍ശിച്ചിരുന്നത്. 1949 ഒക്ടോബര്‍ 11-15 വരെ അമേരിക്കയിലേക്ക് നടത്തിയ യാത്രയായിരുന്നു നെഹ്രുവിന്റെ ആദ്യ വിദേശ സന്ദര്‍ശനം. 15 വര്‍ഷം കൊണ്ട് 115 രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച ഇന്ദിരാഗാന്ധിയുടെ പേരിലാണ് ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ റെക്കോഡുള്ളത്. 1979 ജൂലൈ 28 മുതല്‍ 1980 ജനുവരി 14 വരെ ഭരിച്ച ചരണ്‍സിംങ് ഒരു വിദേശ യാത്രപോലും നടത്താതിരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്.