പഞ്ച് തലക്കെട്ടുമായി ടെലിഗ്രാഫ് വീണ്ടും; ‘ആക്സിഡന്റല്‍ ടൂറിസ്റ്റ്’ മോദിയെ പരിചയപ്പെടാം
പഞ്ച് തലക്കെട്ടുകള്‍ കൊണ്ട് പ്രസിദ്ധമാണ് കൊല്‍ക്കത്തയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ദി ടെലിഗ്രാഫ്. മികച്ച തലക്കെട്ടുകള്‍ നല്‍കി മുന്‍പും ടെലിഗ്രാഫ് നമ്മെ ഞെട്ടിച്ചിട്ടുണ്ട്. സ്മൃതി ഇറാനിക്കെതിരായ ‘ആന്റി നേഷണലും’, ‘പാട്രിയോട്ട്’ തലക്കെട്ടുകളും പത്രത്തിന്റെ ഒരു മില്യണ്‍ വരിക്കാരെയും കടന്ന് ഫേസ്ബുക്കിലൂടെയും വാട്ട്സ്ആപ്പിലൂടെയും ഏറെ പ്രചരിച്ചവയാണ്. ഇന്നത്തെ ടെലിഗ്രാഫ് തലക്കെട്ടും അതിന്റെ മൂര്‍ച്ച കൊണ്ടും വിമര്‍ശനം കൊണ്ടും സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയാണ്. ‘ആക്സിഡന്റല്‍ ടൂറിസ്റ്റി’നെ പരിചയപ്പെടു എന്ന തലക്കെട്ടോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ രാജ്യങ്ങളിലെ സന്ദര്‍ശനങ്ങളെ കണക്കറ്റം ട്രോളുന്നുണ്ട് തലക്കെട്ടിലൂടെയും തുടര്‍ന്ന് വരുന്ന വാര്‍ത്തയിലും. 2021 കോടി രൂപയാണ് മോദി വിദേശ സന്ദര്‍ശനങ്ങള്‍ക്കായി ചെലവിട്ടത്. ഇത് ഒരു ഭാഗത്ത് വിശദീകരിക്കുന്ന ടെലിഗ്രാഫ് നേര്‍ മറുഭാഗത്ത് ആക്‌സിഡന്റല്‍ പിഎമ്മിന്റെ പ്രചാരകനാക്കി മാറ്റപ്പെട്ട മന്‍മോഹന്‍ സിങിനേയും കോണ്‍ഗ്രസിനേയും കൊണ്ടുവരുകയും ചെയ്യുന്നുണ്ട്. ദി ആക്‌സിഡന്റല്‍ പി.എം എന്ന ബോളിവുഡ് ചിത്രത്തെ ബി.ജെ.പി ആഘോഷിക്കുന്നതിനെ വിമര്‍ശന വിധേയമാക്കുകയും പരിഹസിക്കുകയുമാണ് ടെലഗ്രാഫ് തലക്കെട്ടിലൂടെ.
ചാര്‍ട്ടേട് വിമാനവും സൗകര്യങ്ങളുമെല്ലാമായി 2021 കോടി രൂപയാണ് മോഡി വിദേശയാത്രകള്‍ക്കായി ചെലവഴിച്ചത്. രണ്ടാം യു.പി.എയുടെ കാലത്ത് മന്‍മോഹന്‍ സിങ് 1346 കോടി മാത്രം ചെലവഴിച്ച സ്ഥാനത്താണ് മോദിയുടെ ആഢംബര യാത്രാ ചെലവെല്ലാം. 48 തവണകളിലായി 55 രാജ്യങ്ങള്‍ മോഡി സന്ദര്‍ശിച്ചു, മന്‍മോഹന്‍ സിങ് 38 തവണകളിലായി 33 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. മോഡി സഞ്ചരിച്ച രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും അധികം വിദേശ നിക്ഷേപം ഉണ്ടായിട്ടുള്ളതെന്നാണ് രാജ്യസഭയില്‍ വിദേശകാര്യ സഹമന്ത്രി വി.കെ സിങ് വാദിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് എം.പി സഞ്ജയ് സിങ് വിദേശ നിക്ഷേപത്തിന്റെ കണക്ക് ചോദിക്കുമ്പോള്‍ ഒഴിഞ്ഞുമാറുകയാണ് ബി.ജെ.പി മന്ത്രി ചെയ്യുന്നതെന്നും ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മുന്‍പും മോദി സര്‍ക്കാരിനും ബംഗാളിലെ ത്രിണമൂല്‍ സര്‍ക്കാരിനെതിരെയും കനത്ത വിമര്‍ശനം നടത്തിയിട്ടുള്ളതാണ് ദി ടെലിഗ്രാഫ്. ദേശീയ മാധ്യമങ്ങള്‍ പോലും മോദി സ്തുതി പാടുന്ന കാലത്താണ് കൊല്‍ക്കത്തയില്‍ നിന്ന് ഒറ്റക്ക് ടെലിഗ്രാഫ് പട പൊരുതുന്നത്. ആ ഒരു കാരണം കൊണ്ട് തന്നെ ടെലിഗ്രാഫിന്റെ വാര്‍ത്തക്കും തലക്കെട്ടിനും ഓൺലൈനിലും നിരവധി വായനക്കാരാണുള്ളത്.