വിജയ്മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു
കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുള്ള മുംബൈയിലെ പ്രത്യേക കോടതിയുടേതാണ് പ്രഖ്യാപനം
സാമ്പത്തിക തട്ടിപ്പ് കേസില്‍ വിജയ മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. മുംബൈയിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. മല്യയുടെ സ്വത്തുവകകള്‍ ഇനി സര്‍ക്കാരിന് കണ്ടുകെട്ടാം.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയില്‍ മുംബൈയിലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ പ്രത്യേക കോടതിയാണ് വിജയ് മല്യയെ സാമ്പത്തിക പിടികിട്ടാള്ളിയായി പ്രഖ്യാപിച്ചത്. അപ്പീല്‍ നല്‍കാന്‍ അവസരം നല്‍കണമെന്ന മല്യയുടെ വാദം കോടതി അംഗീകരിച്ചില്ല. ഇതോടെ, ഇന്ത്യയിലും വിദേശത്തുമുള്ള മല്യയുടെ മുഴുവന്‍ സമ്പത്തും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കണ്ടുകെട്ടാം.
9000 കോടിയുടെ വായ്പാ തട്ടിപ്പാണ് മല്യയുടെ പേരിലുള്ളത്. നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റങ്ങള്‍ വേറെയും. ബാങ്കുകള്‍ നടപടികള്‍ തുടങ്ങിയതോടെ 2016 മാര്‍ച്ചില്‍ രാജ്യംവിട്ട മല്യ ഇപ്പോള്‍ ഇംഗ്ലണ്ടിലാണുള്ളത്. 2018 ലെ ഫ്യൂജിറ്റീവ് എകണോമിക് ഒഫന്‍ഡര്‍ നിയമപ്രകാരം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെടുന്ന ആദ്യവ്യക്തിയാണ് മദ്യ- വിമാന സര്‍വീസ് വ്യവസായിയായ വിജയ് മല്യ. ലണ്ടനില്‍ കഴിയുന്ന മല്യയെ നാടുകടത്താന്‍ ഡിസംബറില്‍ യു.കെ കോടതി ഉത്തരവിട്ടിരുന്നു.
അതിനിടെ, പഞ്ചാബ് നാഷണല്‍ ബാങ്കിലെ വായ്പ തട്ടിപ്പ് വജ്ര വ്യാപാരി നീരവ് മോദി നിഷേധിച്ചു. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയില്‍ കോടതി നോട്ടീസിനുള്ള മറുപടിയിലാണ് നീരവ് മോദി നിരപരാധിത്വം അവകാശപ്പെടുന്നത്. വായ്പ തിരിച്ചടവിലെ കാലതാമസം പെരുപ്പിച്ച് കാട്ടിയെന്നാണ് നീരവ് മോദിയുടെ വാദം.