കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ഓരോ ദിവസവും ആക്രമിക്കപ്പെടുന്നതായി പ്രധാനമന്ത്രി

വി.മുരളീധരനെ വധിക്കാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു. മുരളീധരന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ ബി.ജെ.പി എം.പിമാര്‍ ഇന്ന് പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിക്കും

Update: 2019-01-07 01:46 GMT

ശബരിമല വിഷയത്തില്‍ കേരളത്തിനെതിരെ വീണ്ടും കേന്ദ്ര സര്‍ക്കാര്‍. കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ഓരോ ദിനവും ആക്രമിക്കപ്പെടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. എം.പി വി.മുരളീധരനെ വധിക്കാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു. മുരളീധരന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ ബി.ജെ.പി എം.പിമാര്‍ ഇന്ന് പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിക്കും.

ആന്ധ്രയിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി നമോ ആപ്പിലൂടെ സംവദിക്കുന്നതിനിടെയാണ് കേരള സര്‍ക്കാരിനെ മോദി വിമര്‍ശിച്ചത്. കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരെ സര്‍ക്കാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ആക്രമിക്കുന്നതായും കേസുകളില്‍പെടുത്തുന്നതായും പറഞ്ഞ മോദി വി.മുരളീധരന്‍ എം.പിയുടെ വീടിന് നേരെ നടന്ന ബോംബാക്രമണം ഇതിന് തെളിവാണെന്നും വ്യക്തമാക്കി.

Advertising
Advertising

മുരളീധരന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി എം.പിമാര്‍ പാര്‍ലമെന്റിന് പുറത്ത് ഒത്തുകൂടും. രാവിലെ 10 മണിക്ക് മഹാത്മാഗാന്ധി പ്രതിമക്ക് മുന്നിലാണ് എം പിമാരുടെ പ്രതിഷേധം. നേരത്തെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും ബിജെപി വക്താവ് ജി.വി.എല്‍ നരസിംഹ റാവുവും സംസ്ഥാന സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ബി.ജെ.പി പ്രവര്‍ത്തര്‍ക്കെതിരായ അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ഭരണഘടനയ്ക്കുള്ളില്‍ നിന്നുള്ള പ്രത്യാഘാതം സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും നേരിടേണ്ടി വരുമെന്നായിരുന്നു ഇരുവരും പറഞ്ഞത്. ഇതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടിയും നല്‍കിയിരുന്നു.

Tags:    

Similar News