കര്‍ണാടകയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും കരുനീക്കങ്ങള്‍ ശക്തമാക്കി
ഇന്നലെ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തിനെത്താത്ത എം.എല്‍.എമാര്‍ക്ക് കോണ്‍ഗ്രസ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
കര്‍ണാടകയില്‍ കുതിരക്കച്ചവടത്തിനുള്ള സാധ്യത ഭയപ്പെട്ട് കോണ്‍ഗ്രസും ബി.ജെ.പിയും കരുനീക്കങ്ങള്‍ ശക്തമാക്കി . ഇരു കൂട്ടരും എംഎല്‍എമാരെ റിസോര്‍ട്ടുകളില്‍ പാര്‍പ്പിക്കുന്നു. ഇന്നലെ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തിനെത്താത്ത എം.എല്‍.എമാര്‍ക്ക് കോണ്‍ഗ്രസ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ വിളിച്ചു ചേര്‍ത്ത എം.എല്‍.എമാരുടെ യോഗത്തിലെത്തിച്ചേരാന്‍ കര്‍ശന നിര്‍ദേശമാണ് പാര്‍ട്ടി പുറപ്പെടുവിച്ചിരുന്നത്. എല്ലാവര്‍ക്കും വിപ്പ് നല്‍കിയിരുന്നു. നേരത്തെ ബി.ജെ.പിയുമായി ആശയ വിനിമയം നടത്തിയ നാല് എം.എല്‍.എമാരാണ് യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. ഉമേഷ് ജാദവ്, ബി നാഗേന്ദ്ര എന്നിവര്‍ യോഗത്തിലെത്താനാവില്ലെന്ന് അറിയിച്ചിരുന്നെങ്കിലും ഇവരടക്കം നാല് പേര്‍ക്കും പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. രമേശ് ചാര്‍ക്കഹോളി, മഹേഷ് കുമ്മത്തള്ളി എന്നിവരാണ് മറ്റ് രണ്ട് പേര്‍. വിശദീകരണം ലഭിച്ചാല്‍ ഹൈക്കമാന്‍ഡുമായി കൂടിയാലോചിച്ച് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
കുതിരക്കച്ചവടത്തിനുള്ള സാധ്യത മുന്നില്‍ കണ്ട് നിയമസഭാ കക്ഷി യോഗത്തിന് ശേഷം എം.എല്‍.എമാരെ കോണ്‍ഗ്രസ് ബംഗളൂരുവിലുള്ള ഈഗിൾടണ്‍ റിസോര്‍ട്ടിലേക്ക് മാറ്റി. തങ്ങളുടെ മറുതന്ത്രമാണിതെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേഷ് ഗുണ്ടറാവു പ്രതികരിച്ചു. ബി.ജെ.പി എം.പിമാരെ നേരത്തെ തന്നെ ഹരിയാനയിലെ ഗുഡ്ഗാവിലുള്ള റിസോര്‍ട്ടിലാണ് താമസിപ്പിച്ചിരിക്കുന്നത്.