രാജ്യദ്രോഹക്കേസ്; ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കെതിരായ കുറ്റപത്രം ഡല്‍ഹി കോടതി അംഗീകരിച്ചില്ല
ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന കേസില്‍ കനയ്യകുമാര്‍, ഉമര്‍ഖാലിദ് അടക്കമുള്ള പത്തോളം വിദ്യാര്‍ത്ഥികളെ പ്രതി ചേര്‍ത്താണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കെതിരായ രാജ്യദ്രോഹക്കേസിലെ കുറ്റപത്രം നിലവില്‍ അംഗീകരിക്കാനാകില്ലെന്ന് കോടതി. നിയമ മന്ത്രാലത്തിന്റെ അനുമതി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി പട്യാല ഹൌസ് കോടതി കുറ്റപത്രം നിരസിച്ചത്. 10 ദിവസത്തിനകം അനുമതി ലഭിക്കുമെന്ന് ഡല്‍ഹി പൊലീസ് കോടതിയെ അറിയിച്ചു.
ഈ മാസം 14നാണ് ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കെതിരായ രാജ്യ ദ്രോഹക്കേസിലെ കുറ്റപത്രം ഡല്‍ഹി പൊലീസിലെ പ്രത്യേക സെല്‍ കോടതിയില്‍ സമര്‍പ്പിച്ചത്. 1200 പേജുള്ള കുറ്റപത്രത്തില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാര്‍, വിദ്യാര്‍ത്ഥികളായിരുന്ന ഉമര്‍ ഖാലിദ്, അനിര്‍ഹാന്‍ ഭട്ടാചാര്യ എന്നിവരുടേതടക്കം 10 പേരുകളാണ് ഉള്ളത്. ഇന്ന് കേസ് പരിഗണിച്ച കോടതി കുറ്റപത്രം അംഗീകരിക്കാനാകില്ലെന്ന് അറിയിച്ചു. നിയമ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെ എങ്ങിനെയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് കോടതി ചോദിച്ചു. 10 ദിവസത്തിനകം അനുമതി ലഭിക്കുമെന്നായിരുന്നു പൊലീസിന്റെ മറുപടി.
നിയമ മന്ത്രാലയം ഡല്‍ഹി സര്‍ക്കാരിന് കീഴില്‍ അല്ലാത്തതിനാല്‍ കുറ്റപത്രത്തിന് അനുമതി നല്‍കേണ്ടത് ലഫ്റ്റനന്റ് ഗവര്‍ണറോ കേന്ദ്ര ആഭ്യന്തരമന്ത്രിയോ ആണ്. ഇവര്‍ക്കിടയിലെ ആശയകുഴപ്പമാണ് അനുമതി ലഭിക്കുന്നത് നീണ്ടുപോകാന്‍ കാരണം. അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ 2016 ഫെബ്രുവരി 9ന് ജെ.എന്‍.യുവില്‍ അനുമതി വാങ്ങാതെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇത് കണ്ടെത്തിയ പൊലീസ് പരിപാടി തടഞ്ഞു. തുടര്‍ന്ന് എത്തിയ കനയ്യ കുമാര്‍ സുരക്ഷ ഉദ്യോഗസ്ഥരോട് തര്‍ക്കിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു എന്നാണ് കുറ്റപത്രത്തിലുള്ളത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്.